ഏറ്റവും കൂടുതല്‍ സ്വര്‍ണം വില്‍ക്കുന്നതാര്? പ്രതിസന്ധിക്കാലത്തെ ആശ്വാസം ഇപ്രകാരം
പ്രതിസന്ധിക്കാലത്തെ ആശ്വാസം
കൊച്ചി: കുതിച്ചുയരുന്ന ക്രൂഡോയില്‍ വില പ്രതിസന്ധി മറികടക്കാന്‍ ലോകത്തിലെ പ്രമുഖ രാജ്യങ്ങള്‍ സ്വര്‍ണം വിറ്റഴിക്കുന്നു. മാര്‍ച്ചില്‍ തുര്‍ക്കി, റഷ്യ, ഖസാക്ക് സ്ഥാന്‍ എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് 60 ടണ്‍ സ്വര്‍ണമാണ് വിറ്റുമാറിയത്. പശ്ചിമേഷ്യയിലെ യുദ്ധം എണ്ണ പ്രതിസന്ധി രൂക്ഷമാക്കിയതോടെ ധനകമ്മി കുറയ്ക്കാനും ആഭ്യന്തര നാണയങ്ങളുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാനുമാണ് സ്വര്‍ണം ആശ്രയമായത്. പ്രതിസന്ധിക്കാലത്തെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണം വിലയിരുത്തുന്നത്.
മാര്‍ച്ച് ആദ്യ വാരം തുര്‍ക്കി 50 ടണ്‍ സ്വര്‍ണം വിറ്റഴിച്ച് അടിയന്തരാവശ്യങ്ങള്‍ക്കായി പണം കണ്ടെത്തി. റഷ്യ കഴിഞ്ഞ മാസം ഒന്‍പത് ടണ്‍ സ്വര്‍ണമാണ് വിറ്റത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റഷ്യ 15.1 ടണ്‍ സ്വര്‍ണം വില്‍പ്പന നടത്തിയിരുന്നു. അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധത്തില്‍ വലയുന്ന റഷ്യ ബഡ്ജറ്റ് വിടവ് നികത്താനും രാജ്യാന്തര തലത്തില്‍ വാങ്ങല്‍ ശേഷി ഉയര്‍ത്താനുമാണ് സ്വര്‍ണ വില്‍പ്പനയിലെ പണം ഉപയോഗിക്കുന്നത്. ഖസാക്കിസ്ഥാന്‍ മാര്‍ച്ചില്‍ ഒരു ടണ്‍ സ്വര്‍ണം വിറ്റഴിച്ചു.
സ്വര്‍ണം വാങ്ങി കൂട്ടുന്നവരും
ചൈന, പോളണ്ട്, ഉസ്ബക്കിസ്ഥാന്‍, ചെക്ക് റിപ്പബ്‌ളിക്, മലേഷ്യ, കംമ്പോഡിയ എന്നീ രാജ്യങ്ങളാണ് നടപ്പുവര്‍ഷം സ്വര്‍ണം വാങ്ങുന്നതില്‍ മുന്നില്‍. ഫെബ്രുവരിയിലെ കണക്കുകളനുസരിച്ച് കേന്ദ്ര ബാങ്കുകളുടെ അറ്റ സ്വര്‍ണ ഉപഭോഗം 19 ടണ്ണാണ്. ഇക്കാലയളവില്‍ സെന്‍ട്രല്‍ ബാങ്ക് ഒഫ് പോളണ്ട് 20 ടണ്ണും ഉസ്ബക്കിസ്ഥാന്‍ എട്ട് ടണ്ണും സ്വര്‍ണം വാങ്ങി. ചൈന ഒരു ടണ്‍ സ്വര്‍ണം മാത്രമാണ് വാങ്ങിയത്.
വാങ്ങല്‍ മന്ദഗതിയിലാക്കി ഇന്ത്യ
നടപ്പുവര്‍ഷം ഇന്ത്യയുടെ റിസര്‍വ് ബാങ്ക് സ്വര്‍ണ വാങ്ങല്‍ മന്ദഗതിയിലാക്കി. ജനുവരിയില്‍ 0.13 ടണ്‍ സ്വര്‍ണം മാത്രമാണ് വാങ്ങിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലും ഇന്ത്യ ഒട്ടും സ്വര്‍ണം വാങ്ങിയില്ല.
റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങല്‍
വര്‍ഷം അളവ്
2024 - 72.6 ടണ്‍
2025 - 4.02 ടണ്‍
ഇന്ത്യയുടെ സ്വര്‍ണ ശേഖരം - 880.3 ടണ്‍
പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ പണ സമാഹരണത്തിന് വിവിധ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റൊഴിയുന്നു. ഫെബ്രുവരിയില്‍ തുര്‍ക്കിയും റഷ്യയും ചേര്‍ന്ന് 14 ടണ്‍ സ്വര്‍ണമാണ് വിറ്റത്.