ഉരുൾ ദുരന്തമേഖലയിൽ ഉയർന്ന പോളിംഗ്
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത മേഖലയിൽ ഉയർന്ന പോളിംഗ്. ദുരന്തം നേരിട്ട് ബാധിച്ച ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലെ വോട്ടർമാർക്ക് ചൂരൽമലയിലും മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് ബൂത്തുകൾ ഒരുക്കിയത്. 80 ശതമാനത്തോളം പേർ മേഖലയിൽ വോട്ട് രേഖപ്പെടുത്തി. ചൂരൽമലയിൽ നുസ്രത്തുൽ ഇസ്ലാം മദ്രസ, സെന്റ് സെബാസ്റ്റ്യൻ ദേവാലയ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ഒരുക്കിയ ബൂത്തുകളിൽ രാവിലെ മുതൽ വലിയ തിരക്കായിരുന്നു. ബൂത്ത് നമ്പർ 202ൽ ആകെയുള്ള വോട്ടർമാർ 961 പേരാണ്. ഇതിൽ 780 പേർ വോട്ട് രേഖപ്പെടുത്തി- 81.17 ശതമാനം. ചൂരൽ മലയിലെ ബൂത്ത് നമ്പർ 204 ൽ 1112 വോട്ടർമാരാണ് ആകെയുള്ളത്. 815 പേർ വോട്ട് രേഖപ്പെടുത്തി- 83 ശതമാനം. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ മുണ്ടക്കൈ 203 നമ്പർ ബൂത്തിൽ ആകെയുള്ളത് 1088 വോട്ടർമാരാണ്. ഇതിൽ 914 പേർ വോട്ട് രേഖപ്പെടുത്തി- 84% പോളിംഗ്. ഉരുൾ ദുരന്തത്തിൽ 168ാം നമ്പർ ബൂത്തിലെ 95 പേർക്കാണ് ജീവൻ നഷ്ടമായത്. 169ാം ബൂത്തായ ചൂരൽ മലയിൽ 58 പേരും 167 ആം ബൂത്തായ അട്ടമലയിൽ 22 പേരും ഉരുൾ ദുരന്തത്തിൽ മരിച്ചിരുന്നു.