വിഷു ഉത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും

Friday 10 April 2026 1:36 AM IST

പത്തനംതിട്ട : വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കും. നാളെ പുലർച്ചെ അഞ്ചിന് നടതുറക്കും. നിർമ്മാല്യ ദർശനത്തിനും പതിവ് അഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതി ഹോമം നടത്തും. തുടർന്ന് നെയ്യഭിഷേകം,അഷ്ടാഭിഷേകം,ഉഷപൂജ,കലശാഭിഷേകം,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം. 15ന് രാവിലെ 4മുതലാണ് വിഷുക്കണി ദർശനം. വിഷു ഉത്സവവും മേടമാസ പൂജകളും പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും. വെർച്ചൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗിലൂടെയും ഭക്തർക്ക് ശബരിമല ദർശനം നടത്താം.