'പിണറായിയോട് ഗുഡ്‌ബൈ പറയാൻ ജനങ്ങൾ കാത്തിരിക്കുകയാണ്, ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കില്ല'

Friday 10 April 2026 11:35 AM IST

ആലപ്പുഴ: അന്തസുള്ള തിരഞ്ഞെടുപ്പ് പ്രചാരണ രീതിയാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരക സമിതി ചെയർമാൻ എന്ന നിലയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നന്ദി അറിയിച്ച അദ്ദേഹം കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും പറഞ്ഞു.

'എതിർ സ്ഥാനാർത്ഥികളെ കുറ്റപ്പെടുത്താതെ ഏറ്റവും അന്തസുള്ള രീതിയിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുള്ളത്. എല്ലാ നേതാക്കളും പ്രവർത്തകരും ഒരു മനസോടെ പ്രവർത്തിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രത്യേകത. പ്രചരണ രംഗത്തും എല്ലാവരും ഒരുപോലെയായിരുന്നു. പ്രത്യേകിച്ച് നന്ദി പറയേണ്ടത് രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടുമാണ്.

യുഡിഎഫിൽ ഒരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ല എന്നതായിരുന്നു ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. ജനങ്ങളുടെ മനസ് മനസിലാക്കിക്കൊണ്ട് എല്ലാവർക്കും ഒരുപോലെ പ്രവർത്തിക്കാൻ സാധിച്ചു. ജനങ്ങളും വളരെ പോസിറ്റീവായാണ് ഞങ്ങളെ സ്വീകരിച്ചത്. അവർ ഒരു രാഷ്‌ട്രീയ മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങൾ പിണറായി വിജയന് ഗുഡ്‌ബൈ പറയാൻ കാത്തിരിക്കുകയാണ്.

പലയിടത്തും സിപിഎം - ബിജെപി അന്തർധാര പ്രകടമായിരുന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് യുഡിഎഫ് ഭരണത്തിൽ വരും. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ മഹത്തായ ഫലമുണ്ടാകും. ഇന്നലെ പരാജയബോധം ഉള്ളതുകൊണ്ടാണ് സിപിഎം പലയിടത്തും അക്രമങ്ങൾ അഴിച്ചുവിട്ടിരിക്കുന്നത്. ബിജെപിയും ഇത്തവണ അക്കൗണ്ട് തുറക്കില്ല. യുഡിഎഫ് വിജയിക്കും എന്നത് തന്നെയാണ് എല്ലാവരുടെയും കണക്കുകൂട്ടൽ. ഭരണമാറ്റം ആഗ്രഹിക്കുന്നതിനാലാണ് ജനങ്ങൾ ഒന്നടങ്കം ഇന്നലെ വോട്ടുചെയ്യാനെത്തിയത്'- രമേശ് ചെന്നിത്തല പറഞ്ഞു.