ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് 1500 അടി താഴ്‌ചയിൽ നിന്ന്

Friday 10 April 2026 12:49 PM IST

ബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്‌ചയിൽ നിന്നാണ് തെരച്ചിൽ സംഘം മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയായിരുന്നു.

ഇന്ന് രാവിലെയും ശ്രീനന്ദയ്‌ക്കായി വിപുലമായ തെരച്ചിൽ നടത്തിയിരുന്നു. പൊലീസും വനംവകുപ്പും അഗ്നിരക്ഷാ സേനയും ചേർന്നാണ് തെരച്ചിൽ നടത്തിയത്. അടിത്തട്ടിൽ നിന്ന് മുകളിലേക്കായിരുന്നു തെരച്ചിൽ. ഇതിനിടെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. വളരെ ശ്രമകരമായ ദൗത്യമാണിത്.

കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ ഉയർന്നിരുന്നു. ചിക്കമംഗളൂരുവിൽ ഇറങ്ങിയപ്പോൾ തന്നെ ആരെങ്കിലും കുട്ടിയെ ലക്ഷ്യം വച്ചതാകാമെന്നും ഒറ്റയ്‌ക്കായ നിമിഷത്തിൽ ലഹരി നൽകി തട്ടിക്കൊണ്ടുപോയതാകാമെന്നും ശ്രീനന്ദയുടെ അമ്മ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ടാണ് കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ബാബാബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് കുട്ടിയെ കാണാതായത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.