യുവനടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന  കേസ്;    സംവിധായകൻ  രഞ്ജിത്തിന്  ജാമ്യം

Friday 10 April 2026 12:49 PM IST

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. ഉപാധികളോടെ എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി തള്ളി. നടിയുടെ പരാതിയിൽ മാർച്ച് 31നാണ് രഞ്ജിത് അറസ്റ്റിലായത്.

രഞ്ജിത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വാദത്തിനിടെ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നില്ല, അതിക്രമം നടന്ന ദിവസം തന്നെ പ്രതി അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു, ഫോൺ പൊലീസ് പിടിച്ചെടുത്ത് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്, പുതിയ ഡിജിറ്റൽ തെളിവുകളടക്കം കിട്ടിയ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട് എന്നിങ്ങനെയാണ് കസ്റ്റഡി അപേക്ഷയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.

ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. അതിക്രമം നടന്നെന്ന് പരാതിയിൽ പറയുന്ന കാരവാനിൽ അടക്കം തെളിവെടുപ്പ് പൂർത്തിയാക്കി രഞ്ജിത്തിനെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു.

നടിക്ക് നേരെ കാരവനിൽ ലൈംഗികാതിക്രമം നടന്നതായി പറയുന്ന ഫോർട്ട് കൊച്ചി ആസ്പിൻവാളിലെ ഷൂട്ടിംഗ് ലൊക്കേഷൻ, കസ്റ്റഡിയിലെടുത്ത കാരവൻ സൂക്ഷിച്ചിരിക്കുന്ന കൊച്ചി സിറ്റി എ.ആർ ക്യാമ്പ് വളപ്പ് എന്നിവിടങ്ങളിൽ അന്വേഷണച്ചുമതലയുള്ള ഉദയംപേരൂർ വനിതാ എസ് ഐയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്. കാരവൻ ‌‌ഡ്രൈവറുടെയും ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെയും മൊഴികളും പൊലീസ് ശേഖരിച്ചിരുന്നു.