വിഷുക്കണി ഗംഭീരമാക്കാം തിരുവുടയാടകൾ റെഡി

Saturday 11 April 2026 2:59 AM IST

കൊച്ചി: പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളും പ്ലാസ്റ്റർ ഒഫ് പാരീസിൽ നിർമ്മിച്ച കൃഷ്ണവിഗ്രഹങ്ങളുമൊക്കെയായി മറുനാട്ടുകാരുടെ തെരുവോര വാണിഭം കൊഴുക്കുന്ന വിഷുക്കാലത്ത് സ്വന്തം കരകൗശല വിരുതുമായി ഒരു മലയാളി വീട്ടമ്മ ഓൺലൈൻ വിപണിയിൽ താരമാകുന്നു. പാഴൂർ പുഴമംഗലത്ത് വീട്ടിൽ ശരണ്യയാണ് വിഷുക്കണിക്ക് ചാരുതചാർത്താനുള്ള അടിപൊളി തിരുവുടയാടകളുമായി വിപണിയിൽ ഇ‌ടംപിടിച്ചത്. റെഡിമെയ്ഡായി ലഭ്യത കുറവാണ്. അതുതന്നെയാണ് ശരണ്യയുടെ സംരംഭത്തിന്റെ പ്രസക്തിയും. പിറവം എം.കെ.എം ഹൈസ്കൂളിൽ അദ്ധ്യാപികയായിരിക്കെ മാസം തികയാതെ പ്രസവിച്ച രണ്ടാമത്തെ കുഞ്ഞിന്റെ പരിചരണത്തിനായി ജോലി ഉപേക്ഷിച്ചതോടെയാണ് ശരണ്യ തിരുവുടയാട നിർമ്മാണം ആരംഭിച്ചത്. അത്യാവശ്യം തയ്യൽ അറിയാമെന്നതായിരുന്നു ആത്മവിശ്വസം.

ചെറുതെങ്കിലും ഒരു വരുമാനം ഉണ്ടാക്കണമെന്ന തോന്നലാണ് സംരംഭകത്വത്തിലേക്ക് വഴിതെളിച്ചത്. ബ്രോഡ്‌വേ മാർക്കറ്റിൽ പോയി പട്ട് തുണിയും ലെയിസുമൊക്കെ വാങ്ങിക്കൊണ്ടുവന്ന് പ്രാക്ടീസും തുടങ്ങി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ ഭർത്താവ് ഹരീഷും ഭർത്താവിന്റെ മാതാപിതാക്കളായ ഹരിദാസും വത്സലയും പിന്തുണച്ചു. അഭിരാമം ക്രാഫ്റ്റ് വർക്ക് എന്ന ബ്രാൻഡിൽ സാമൂഹ്യമാദ്ധ്യമത്തിൽ പ്രചാരം നൽകിയതോടെ ഉത്പ്പന്നത്തിന് ആവശ്യക്കാരേറി. വിഷുക്കാലത്ത് ഓൺലൈൻ വ്യാപാരത്തിന് പുറമേ പിറവം എറണാകുളം റോഡിൽ പാഴൂർ മാമലക്കവലയിൽ വഴിയോരത്ത് താത്കാലിക വിപണിയും ഒരുക്കിയിട്ടുണ്ട്. 4 മുതൽ 16 ഇഞ്ചുവരെ വലിപ്പമുള്ള തിരുവുടയാടകളും ക്ഷേത്രങ്ങളിൽ ചാർത്തുന്ന പ്രത്യേക ഉടയാടകളും ശരണ്യ നിർമ്മിക്കുന്നുണ്ട്. 200രൂപ മുതലാണ് വില

തിരുവുടയാട

ഓട്ടുരുളിയിൽ പുഷ്പ, ഫല, ധന, ധാന്യങ്ങൾക്കും ശ്രീകൃഷ്ണ വിഗ്രഹത്തിനുമൊപ്പം വയ്ക്കുന്ന വിശറിരൂപത്തിലുള്ള അലങ്കാര വസ്ത്രമാണ് തിരുവുടയാട. വിവാഹ ചടങ്ങിലും ക്ഷേത്രോത്സവങ്ങളിലും താലം അലങ്കരിക്കാനും പൂജാമുറിയിലും ഉപയോഗിക്കാറുണ്ട്.

ബി.എഡ് പഠനകാലത്ത് അത്യാവശ്യം ക്രാഫ്റ്റ് വർക്കുകൾ ചെയ്തുള്ള പരിചയമുണ്ട്. സ്കൂളിലെ ജോലി ഉപേക്ഷിച്ചെങ്കിലും അന്നുകിട്ടിയ പരിശീലനം ഇന്ന് തുണയായി.

ശരണ്യ