ബേപ്പൂരിൽ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്; ആഘോഷങ്ങൾക്കായി ഡിജെ ബുക്ക് ചെയ്‌തെന്ന് പിവി അൻവർ

Friday 10 April 2026 4:14 PM IST

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ താൻ വിജയിക്കുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പ്രവർത്തകർ തുടങ്ങിയെന്നും യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ. മണ്ഡലത്തിൽ പോളിംഗ് ശതമാനം ഉയർന്നത് യുഡിഎഫിന് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വജനപക്ഷപാതവും വോട്ടിംഗിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങൾ വിജയം ഉറപ്പിച്ചുകഴിഞ്ഞു. അതിൽ ഒരു സംശയവും വേണ്ട. മെയ് മൂന്നിന് തന്നെ ഞങ്ങളുടെ വിജയാഘോഷങ്ങൾ ആരംഭിക്കും. ജനങ്ങളുടെ വികാരം കണ്ടാണ് ഞാനിത് പറയുന്നത്. ഇവിടെത്തെ വോട്ടർമാരുടെ വികാരം പിണറായിസത്തിനും മരുമോനിസത്തിനും എതിരാണ്. സർക്കാരിന്റെ തെറ്റായ നടപടികൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അത് വോട്ടായി മാറിയിട്ടുണ്ട്. 25,000ൽ കുറയാത്ത ഭൂരിപക്ഷം എനിക്കുണ്ടാകും. ആഘോഷങ്ങൾക്കായി പ്രവർത്തകർ ഡിജെ വരെ ബുക്ക് ചെയ്തു കഴിഞ്ഞു.' അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്‌തെന്നും വോട്ടെണ്ണൽ കഴിയുമ്പോൾ വലിയ അട്ടിമറി ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ഭരണപക്ഷത്തോടുള്ള അമർഷം ബാലറ്റ് ബോക്സുകളിൽ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അൻവർ പറഞ്ഞു.