ഒൻപതാം വൃക്ക മാറ്റവും വിജയം, നേട്ടം കുറിച്ച് ജനറൽ ആശുപത്രി
കൊച്ചി: ഇന്ത്യയിലാദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയെന്ന ഖ്യാതി നേടിയ എറണാകുളം ജനറൽ ആശുപത്രിയിൽ ഒൻപതാമത് വൃക്കമാറ്റ ശസ്ത്രക്രിയയും വിജയം. മാർച്ച് 21നാണ് ശസ്ത്രക്രിയ നടന്നത്. 34 വയസുകാരന് മാതാവാണ് വൃക്ക ദാനം ചെയ്തത്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ രണ്ട് തിയേറ്ററുകളിലായിട്ടായിരുന്നു ശസ്ത്രക്രിയ.
യൂറോളജിസ്റ്റ് ഡോ. അനൂപ് കൃഷ്ണൻ, നെഫ്രോളജിസ്റ്റ് ഡോ.സന്ദീപ് ഷേണായി, അനസ്‌തെറ്റിസ്റ്റുമാരായ ഡോ. ഉഷ, ഡോ. അഞ്ചു എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. 2023 സെപ്തംബർ അവസാനം 50 വയസുള്ള അമ്മ 28 വയസുള്ള മകന് വൃക്ക നൽകിയതായിരുന്നു ഇവിടെ നടന്ന ആദ്യ വൃക്കമാറ്റിവയ്ക്കൽ. എല്ലാ വൃക്കമാറ്റ ശസ്ത്രക്രിയകളും സൗജന്യമായിരുന്നു.
മൂന്ന് പേർ കാത്തിരിക്കുന്നു
ഒൻപതാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് പേർ കൂടിയാണ് വൃക്ക മാറ്റി വയ്ക്കലിനായി കാത്തിരിക്കുന്നത്. മൃതസഞ്ജീവനി രജിസ്ട്രേഷൻ വേണ്ടാത്തതിനാൽ അത്ര സങ്കീർണമല്ല രജിസ്ട്രേഷൻ നടപടികൾ. ദാതാവിനെ ലഭ്യമായാൽ അനുയോജ്യമാണോയെന്ന പരിശോധനകൾ മാത്രമേയുള്ളൂ. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷൻ തിയേറ്ററിൽ അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്.
സ്വകാര്യ മേഖലയിൽ 30 ലക്ഷം വരെ
കാരുണ്യ ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് ഏകദേശം നാലുലക്ഷം രൂപയോളമാണ് ശസ്ത്രക്രിയയ്ക്ക് മുടക്കേണ്ടിവരിക. ശസ്ത്രക്രിയക്ക് രണ്ട് ലക്ഷവും മരുന്നിന് രണ്ടു ലക്ഷവും മാത്രം. 50,000 രൂപ ശസ്ത്രക്രിയാനന്തര ചികിത്സയ്ക്ക് സർക്കാർ നൽകുകയും ചെയ്യും. സ്വകാര്യ ആശുപത്രികളിൽ ഇതിന് 20 മുതൽ 35 ലക്ഷം വരെയാണ് ചെലവ് വരിക.