ആവേശത്തിലേക്ക് ധന വിപണികൾ

Saturday 11 April 2026 12:10 AM IST

പശ്ചിമേഷ്യൻ സമാധാനത്തിൽ പ്രതീക്ഷ

കൊച്ചി: ക്രൂഡോയിൽ വിലയിടിവും പശ്ചിമേഷ്യയിലെ സമാധാന ചർച്ചകളും വിപണികളെ ആവേശത്തിലാക്കുന്നു. ഓഹരി, സ്വർണം, രൂപ മികച്ച വളർച്ചയാണ് ഇന്നലെ കാഴ്ചവച്ചത്. ഡോളറിന്റെ ദൗർബല്യവും യു.എസ് കടപ്പത്രങ്ങൾക്ക് പ്രിയം കുറഞ്ഞതുമാണ് ഓഹരി, സ്വർണ വിപണികൾക്ക് ഊർജമായത്.

ഇന്നലെ സെൻസെക്‌സ് 918.6 പോയിന്റ് കുതിച്ച് 77,550.25ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 275.5 പോയിന്റ് ഉയർന്ന് 24,050.6ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും മുന്നേറി. ധനകാര്യ, ബാങ്കിംഗ് മേഖലയിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമാതാണ് മികച്ച നേട്ടവുമായി ഓഹരികൾ വാരം പിന്നിടുന്നത്. നടപ്പുവാരം സെൻസെക്‌സും നിഫ്റ്റിയും ആറ് ശതമാനം നേട്ടമുണ്ടാക്കി.

ഏഷ്യയിലെ പ്രധാന വിപണികളായ ജപ്പാനിലെ നിക്കി, ദക്ഷിണ കൊറിയയിലെ കോസ്‌പി, ചൈനയിലെ ഷാംങ്ങ്‌ഹായ് കോമ്പോസിറ്റ്, ഹോംങ്കോംഗിലെ ഹാംഗ് സെംഗ് എന്നിവയും മികച്ച പ്രകടനം കാഴ്ചവച്ചു.

സ്വർണ വില ഔൺസിന് 4,770 ഡോളറിലേക്കാണ് തിരിച്ചുകയറിയത്.

എണ്ണ വിലയിൽ ആശ്വാസം അമേരിക്കയും ഇറാനും വെടിനിറുത്തൽ പ്രഖ്യാപിച്ചതിന് ശേഷം ക്രൂഡോയിൽ വില 12 ശതമാനത്തിലധികം ഇടിഞ്ഞു. ബ്രെന്റ് ക്രൂഡോയിലിന്റെ വില നിലവിൽ ബാരലിന് 95 ഡോളറിനടുത്താണ്. ഹോർമുസ് ഇടനാഴി പൂർണമായും തുറക്കുന്നതോടെ എണ്ണ വില സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. ഇന്ധന പ്രതിസന്ധി ഒഴിവായാൽ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ അമേരിക്കയിലെ ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും മുഖ്യ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.

ആഭ്യന്തര ഫണ്ടുകൾ സജീവം

ആഭ്യന്തര നിക്ഷേപകർ വിപണിയിൽ സജീവമാകുന്നതാണ് നേട്ടമായത്. മാർച്ചിൽ രാജ്യത്തെ എസ്.ഐ.പി നിക്ഷേപം റെക്കാഡ് ഉയരത്തിലാണ്. ആഗോള സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വം നേരിടുമ്പോഴും ഇന്ത്യയുടെ വളർച്ച സാദ്ധ്യത സുസ്ഥിരമാണെന്ന വിലയിരുത്തലാണ് ഓഹരി നിക്ഷേപകർക്കും ആവേശമാകുന്നത്.

രൂപ കരുത്താർജിക്കുന്നു

ഇന്നലെ ഡോളറിനെതിരെ രൂപ 17 പൈസയുടെ നേട്ടവുമായി 92.41ൽ അവസാനിച്ചു. വിദേശ നിക്ഷേപകർ ഓഹരി വിപണിയിലേക്ക് മടങ്ങിയെത്തിയതും ഊഹക്കച്ചവടത്തിന് റിസർവ് ബാങ്ക് മൂക്കുകയറിട്ടതുമാണ് നേട്ടമായത്.