ആ എനർജിയാണ് അപ്പയെ എന്നും മുന്നോട്ടു നയിച്ചത്, അപ്പ പറഞ്ഞതിന്റെ അർത്ഥം ഈ ദിവസങ്ങളിൽ ഓരോ നിമിഷവും ഞാൻ അനുഭവിച്ചു : മറിയ ഉമ്മൻ

Friday 10 April 2026 10:14 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറു സീറ്റിൽ കൂടുതൽ നേടി സംസ്ഥാന ഭരണം തിരിച്ചു പിടിക്കാമെന്ന് പ്രതീക്ഷയിലാണ് കോൺഗ്രസും യു.ഡി.എഫും. തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച കനത്ത് പോളിംഗ് തങ്ങൾക്ക് നേട്ടമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കണക്കുകൾ ശരിയായാൽ ഉമ്മൻചാണ്ടി സർക്കാരിന് ശേഷം ഭരണമേറ്റെടുക്കുന്ന യു,​ഡി.എഫ് സർക്കാരായിരിക്കും വരാൻ പോകുന്നത്. അരനൂറ്റാണ്ടിനിപ്പുറം ഉമ്മൻചാണ്ടി ഇല്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായപ്പോൾ സംസ്ഥാനത്തുടനീളം പ്രചാരണ രംഗത്ത് സജീവമായിരുന്നു മകൾ മറിയ ഉമ്മൻ. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മറിയ ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

അപ്പ കൂടെയില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു ഇതെന്ന് മറിയ പറയുന്നു. 13 ദിവസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 4470 കിലോമീറ്റർ റോഡ് വഴി യാത്ര ചെയ്തു. 71 അസംബ്ലി മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തി; വീടുകൾ കയറിയിറങ്ങി; കടകൾ കയറി. കുടുംബയോഗങ്ങളിലും കവലകളിലും പ്രസംഗിച്ചു; റോഡ് ഷോകളിൽ പങ്കെടുത്തു.അത് വലിയൊരു അനുഭവമായി മാറി. എവിടെ പോയാലും അപ്പയോടുള്ള കേരള ജനതയുടെ അതിയായ സ്നേഹം എന്നെ വീർപ്പുമുട്ടിച്ചു. അവർ അപ്പയെ എത്രമാത്രം ഹൃദയത്തിൽ ഏറ്റെടുത്തിട്ടുണ്ടെന്ന് ഞാൻ കൂടുതലായി തിരിച്ചറിയുകയായിരുന്നു. ആ ജനസ്നേഹ നടുവിൽ ഞാൻ വിശപ്പും ക്ഷീണമെല്ലാം മറന്നുവെന്നും മറിയ കുറിച്ചു.

രാത്രി വൈകിയും ആവേശം കെടാതെ ജനങ്ങളുടെ ഇടയിൽ നിൽക്കുമ്പോഴും ക്ഷീണം ഒട്ടും തോന്നിയില്ല. ജനങ്ങളിൽ നിന്ന് ഊർജം വലിച്ചെടുക്കുന്നുവെന്ന് അപ്പ പറഞ്ഞതിന്റെ അർത്ഥം ഈ 13 ദിവസങ്ങളിൽ ഓരോ നിമിഷവും ഞാൻ അനുഭവിച്ചു. അപ്പയുടെ അദൃശ്യ സാന്നിധ്യം ശക്തിയായി കൂടെയുണ്ടായിരുന്നു.

നമ്മെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റെയും മനസ്സുകളിൽ നിന്ന് കിട്ടുന്ന പോസിറ്റീവ് എനർജിയുണ്ട്. ആ എനർജിയാണ് അപ്പയെ എന്നും മുന്നോട്ടു നയിച്ചത്. ആ എനർജി ഞങ്ങൾക്കും പകർന്നു കിട്ടുമ്പോൾ, തളർന്നു പോകുന്നതെങ്ങനെ എന്നും മറിയ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.