ബഹിഷ്‌കരണം പിൻവലിച്ച് റെയിൽവേ കരാറുകാർ
കൊച്ചി: കോടികളുടെ കുടിശികത്തുക നൽകാൻ റെയിൽവേ നടപടി ആരംഭിച്ചതോടെ അതിപ്രധാനമായ നിർമ്മാണജോലികളുടെ ബഹിഷ്‌കരണം പിൻവലിച്ച് കരാറുകാർ. കുടിശിക 284.85 കോടിയായതോടെയാണ് കേരളത്തിലെ കരാറുകാർ ബഹിഷ്‌കരണം ആരംഭിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ പണം നൽകുകയും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ കുടിശിക പെരുകുകയും ചെയ്‌തതോടെയാണ് സതേൺ റെയിൽവേ കോൺട്രാക്ടേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധിച്ചത്.
മഴക്കാലത്തിനുമുമ്പ് പൂർത്തിയാക്കേണ്ട സിഗ്നൽ സംവിധാനത്തിന്റെ പരിഷ്‌കരണം, ട്രാക്കുകളിലെ അറ്റകുറ്റപ്പണികൾ, സുരക്ഷാജോലികൾ തുടങ്ങിയ ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം. മേയ് പകുതിയോടെ പൂർത്തിയാക്കേണ്ട ഇത്തരം ജോലികൾ മുടങ്ങുന്നത് മഴക്കാലത്തെ ട്രെയിൻ യാത്രാസുരക്ഷയെ അവതാളത്തിലാക്കുമായിരുന്നു.
ഈ മാസം തന്നെ കുടിശിക നൽകുമെന്നാണ് റെയിൽവേ വാഗ്ദാനമെന്ന് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ.എ. ജോൺസൺ പറഞ്ഞു. കൊച്ചിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് 150 കോടി, തിരുവനന്തപുരം ഡിവിഷൻ 52 കോടി,
പാലക്കാട് ഡിവിഷൻ 82.85 കോടി എന്നിങ്ങനെയായിരുന്നു കുടിശിക.