ഗഗൻയാൻ ; രണ്ടാം എയർഡ്രോപ്പും വിജയം
തിരുവനന്തപുരം: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാനിന്റെ രണ്ടാം ഇന്റഗ്രേറ്റഡ് എയർഡ്രോപ്പ് പരീക്ഷണവും വിജയം. അടുത്ത പരീക്ഷണം ഐ.എസ്.ആർ.ഒ നടത്തുക ബഹിരാകാശത്ത്. അടുത്ത വർഷമാണ് ഗഗൻയാൻ പേടകം ഇന്ത്യ വിക്ഷേപിക്കുന്നത്.
യാത്രികർ സഞ്ചരിക്കുന്ന ക്രൂമൊഡ്യൂൾ ബഹിരാകാശത്തുനിന്ന് സുരക്ഷിതമായി ഭൂമിയിൽ ലാൻഡ് ചെയ്യുന്ന എയർ ഡ്രോപ്പ് പരീക്ഷണം ഇന്നലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവൻ സ്പേസ് സ്റ്റേഷനിലാണ് നടത്തിയത്. 5.7 ടൺ ഭാരമുള്ള ക്രൂമൊഡ്യൂൾ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്ടർ ഉപയോഗിച്ച് മൂന്നു കിലോമീറ്റർ ഉയരത്തിൽ എത്തിച്ചശേഷം താഴേക്ക് ഡ്രോപ്പ് ചെയ്തായിരുന്നു പരീക്ഷണം.
പേടകം ബംഗാൾ ഉൾക്കടലിലാണ് സ്‌പ്ളാഷ് ഡൗൺ ചെയ്തത്. നാവികസേന കപ്പൽ ഇത് വീണ്ടെടുത്ത് കരയിലെത്തിച്ചു. നാലു വിഭാഗത്തിലെ പത്ത് പാരച്യൂട്ടുകൾ വിദഗ്ദ്ധമായി ഉപയോഗിച്ച് വേഗത പടിപടിയായി കുറച്ചാണ് പേടകം സ്‌പ്ളാഷ് ഡൗൺ ചെയ്തത്. നിർദ്ദിഷ്ട മാനദണ്ഡങ്ങളെല്ലാം കൃത്യമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോ.രാജരാജൻ പറഞ്ഞു.
ഒന്നാം എയർ ഡ്രോപ്പ് ടെസ്റ്റ് കഴിഞ്ഞ വർഷം ആഗസ്റ്റ് 24നാണ് നടത്തിയത്. അന്ന് ക്രൂമൊഡ്യൂളിന്റെ 4.8 ടൺ ഭാരമുള്ള മാതൃകയാണ് പരീക്ഷിച്ചത്. ഇക്കുറി ശരിയായ ക്രൂമൊഡ്യൂൾ തന്നെയാണ് ഉപയോഗിച്ചത്.
അടുത്ത പരീക്ഷണം
ബഹിരാകാശത്ത്
ഗഗൻയാൻ വിക്ഷേപണത്തിന് മുമ്പ് ഒരിക്കൽകൂടി ക്രൂമൊഡ്യൂൾ ലാൻഡിംഗ് പരീക്ഷണം നടത്തും. റോക്കറ്റ് ഉപയോഗിച്ച് ക്രൂമൊഡ്യൂൾ ബഹിരാകാശത്ത് എത്തിച്ചശേഷം ഭൂമിയിലേക്ക് ലാൻഡ് ചെയ്യിക്കുന്നതാണിത്. ബഹിരാകാശത്ത് വിക്ഷേപിച്ചതിനു ശേഷം അത് സുരക്ഷിതമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്ന് വേഗത നിയന്ത്രിച്ച് കടലിൽ സ്‌പ്ളാഷ് ഡൗൺ ചെയ്യും. ബഹിരാകാശത്തെ ഈ പരീക്ഷണം ഇക്കൊല്ലം തന്നെ നടത്തുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ഓറിയോൺ ഇന്ന് പുലർച്ചെ 5.37ന് ഭൂമിയിലെത്തും
തിരുവനന്തപുരം: അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിലേക്ക് പോയ മനുഷ്യൻ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.37ന് മടങ്ങിയെത്തും. പത്ത് ദിവസം നീണ്ട ബഹിരാകാശ യാത്ര പൂർത്തിയാക്കിയ നാലംഗ പര്യവേക്ഷണ സംഘവുമായി ഓറിയോൺ പേടകം പസഫിക് സമുദ്രത്തിലാണ് വന്നിറങ്ങുക. ചന്ദ്രനെ അടുത്തെത്തി വലംവയ്ക്കാൻ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത ആർട്ടെമിസ് 2 ദൗത്യത്തിനായി ഏപ്രിൽ ഒന്നിനാണ് വിക്ഷേപണം നടത്തിയത്. പേടകത്തെ സ്വീകരിക്കാൻ യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലായ യു.എസ്.എസ് ജോൺ പി. മുർത്ത സാൻ ഡിയേഗോ തീരത്ത് സജ്ജമായിക്കഴിഞ്ഞു. പേടകത്തിന്റെ വേഗത കുറയ്ക്കാൻ പാരച്യൂട്ടുകൾ വിടരും. സമുദ്രത്തിൽ പതിക്കുന്ന പേടകത്തെയും അതിലെ യാത്രികരെയും മിനിറ്റുകൾക്കുള്ളിൽ നാവികസേന സുരക്ഷിതമായി കരയിലെത്തിക്കും. ആർട്ടെമിസ് 2 വിജയിക്കുന്നതോടെ, മനുഷ്യനെ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറക്കാനുള്ള ആർട്ടെമിസ് 3 ദൗത്യത്തിലേക്കുള്ള വഴി തെളിയും.