നടുപ്പൊയിൽ യു.പിയിലെ ബൂത്തുകളിൽ​ റീ പോളിംഗ് നടത്തണം: കോൺഗ്രസ്

Saturday 11 April 2026 12:47 AM IST
congres

കുറ്റ്യാടി: പോളിംഗ് ദിവസം സംഘർഷാവസ്ഥയുണ്ടായ കുറ്റ്യാടി നടുപ്പൊയിൽ യു.പി സ്കൂളിലെ 121, 122, 123, 124, 125, ബൂത്തുകളിൽ റീ പോളിംഗ് നടത്തണമെന്ന് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. 122-ാം ബൂത്തിൽ പോളിംഗ് നടന്നുകൊണ്ടിരിക്കെ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്തപ്പോൾ സി.പി.എം പ്രവർത്തകർ സംഘമായി ബൂത്തിൽ കയറി ബൂത്ത് ഏജന്റുമാരെ മർദ്ദിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പേടിച്ചോടിയവർ പിന്നീട്ട് വോട്ട് ചെയ്യാൻ എത്തിയില്ല. മറ്റ് ബൂത്തുകളിലെ വോട്ടർമാർക്കും പ്രയാസമുണ്ടായി. നടുപ്പൊയിൽ യു.പി സ്കൂളിലെ എല്ലാ ബൂത്തുകളും സി.പി.എം പ്രവർത്തകർ രാവിലെ തന്നെ കൈയടക്കുകയായിരുന്നു. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിൽ സംഘം ചേർന്ന് നിൽക്കാൻ പാടില്ല എന്ന പെരുമാറ്റച്ചട്ടം പോലും അവിടെ പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ സംഘർഷം നടന്നിരുന്നുവെന്നും ആവശ്യമായ പൊലീസ് സുരക്ഷ സംവിധാനം ഒരുക്കണമെന്നും സർവകക്ഷി യോഗത്തിൽ യു.ഡി.എഫ് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും പൊലീസ് അധികാരികൾ വിലക്കെടുത്തില്ല. അഞ്ചു ബൂത്തുകളിലെയും അർഹരായ വോട്ടർമാർക്ക് നിർഭയമായി വോട്ട് ചെയ്യാൻ അഞ്ചു ബൂത്തുകളിലും റീപോളിംഗ് നടത്തണമെന്നും ബൂത്ത് കൈയേറിയവരെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത്, എൻ.സി കുമാരൻ, എസ്.ജെ സജീവൻ, ടി സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണൻ, നൗഷാദ് കോവിലത്ത്, സിദ്ധാർത്ഥ് നരിക്കൂട്ടം ചാൽ, കെ,പി അബ്ദുൽ മജീദ്, എ.ടി ഗീത, കെ.കെ നഫീസ എന്നിവർ പ്രസംഗിച്ചു.