നൂറിലധികം സീറ്റ്, അഞ്ച് ജില്ലകളിൽ യു.ഡി.എഫ് തേരോട്ടം: വി.ഡി. സതീശൻ

Saturday 11 April 2026 12:25 AM IST

നെടുമ്പാശേരി: വസ്തുതകളുടെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് പറഞ്ഞതെന്നും അഞ്ച് ജില്ലകളിൽ യു.ഡി.എഫ് തൂത്തുവാരുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എറണാകുളം, മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ എല്ലാ സീറ്റും പിടിക്കും. പോളിംഗ് ശതമാനം വർദ്ധിച്ചത് കൂടുതൽ ആത്മവിശ്വാസമേകിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രവാസികളും വിദേശത്ത് പഠിക്കുന്നവരുംകൂടി വന്നിരുന്നെങ്കിൽ പോളിംഗ് ശതമാനം വീണ്ടും വർദ്ധിച്ചേനേ. 35 വർഷത്തിനിടെ യു.ഡി.എഫിന്റെ മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് ഇത്തവണയുണ്ടായത്. 2005 മുതൽ ഒപ്പമില്ലാതിരുന്ന നിരവധി വിഭാഗങ്ങൾ യു.ഡി.എഫിനെ പിന്തുണച്ചു.

സി.പി.എം- ബി.ജെ.പി ഡീൽ നേതാക്കൾ തമ്മിലായിരുന്നു. പ്രവർത്തകർ അത് പൊളിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. സി.പി.എമ്മിൽ നടക്കുന്ന കലാപത്തിന് പിന്നിൽ മുതിർന്ന നേതാക്കളുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബാക്കി കാണാം. സർക്കാർ പണം ഉപയോഗിച്ച് നടത്തിയ അമിതമായ പ്രചാരണത്തിന് കോടികളാണ് മുടക്കിയത്. സോഷ്യൽമീഡിയ കാമ്പെയിനുപോലും 15 കോടി രൂപ മുടക്കി.

എൻ.ഡി.എ അക്കൗണ്ട് തുറക്കാൻ സാദ്ധ്യതയില്ലെന്നാണ് പ്രാഥമികനിഗമനം. നിയോജക മണ്ഡലങ്ങളിലെ കണക്കുകൾ ലഭിച്ചശേഷം അതേക്കുറിച്ച് പറയാം. കുന്നത്തുനാട്ടിൽ യു.ഡി.എഫ് വൻഭൂരിപക്ഷത്തിൽ ജയിക്കും. ട്വന്റി 20 മൂന്നാം സ്ഥാനത്താകും. പേരാവൂരിലും നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. കൊച്ചിയിൽ 23,000 വോട്ടിന് സി.പി.എം ജയിച്ച സീറ്റിലാണ് ഡി.സി.സി അദ്ധ്യക്ഷൻ മത്സരിച്ചതെന്നും സതീശൻ പറഞ്ഞു.