വിജയ്‌യുടെ വാഹനത്തിൽ തിര. കമ്മിഷന്റെ പരിശോധന
ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അദ്ധ്യക്ഷനും നടനുമായ വിജയ്‌യുടെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്നലെ മധുര-ശിവഗംഗ അതിർത്തിയിൽ വച്ചാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. 23ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കർശന സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശിവഗംഗയിലേക്ക് പോകുന്നതിനിടെയാണ് ഫ്ലൈയിംഗ് സ്ക്വാഡ് അംഗങ്ങൾ വിജയ്‌യുടെ വാഹനവ്യൂഹം തടഞ്ഞത്. തുടർന്ന് വാഹനത്തിന്റെ ഉള്ളിലും ഡിക്കിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയോട് പൂർണമായും സഹകരിച്ച വിജയ്, ഉദ്യോഗസ്ഥരുടെ നടപടികൾ പൂർത്തിയാകുന്നത് വരെ വാഹനത്തിൽ കാത്തിരുന്നു. മിനിറ്റുകൾ നീണ്ട പരിശോധനയിൽ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് വാഹനം കടന്നുപോകാൻ ഉദ്യോഗസ്ഥർ അനുമതി നൽകി.