മഥുരയിൽ ബോട്ട് മറിഞ്ഞ് 10 മരണം
Saturday 11 April 2026 12:42 AM IST
ലക്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ യമുനാ നദിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് പത്തുമരണം. ഇന്നലെ ഉച്ചയ്ക്ക് 3ഓടെ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലായിരുന്നു അപകടം. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. വൃന്ദാവൻ സന്ദർശിക്കാനെത്തിയ രണ്ട് ബസുകളിലായുള്ള യാത്രാസംഘത്തിലെ അംഗങ്ങളാണ് ഇവർ. 30-ഓളം തീർത്ഥാടകരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. 16-17 പേരെ രക്ഷപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. പുഴയ്ക്ക് കുറുകെയുള്ള ഒരു പോണ്ടൂൺ പാലത്തിൽ ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.