ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല: കുഞ്ഞാലിക്കുട്ടി

Saturday 11 April 2026 1:47 AM IST

മലപ്പുറം: യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗ് അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിൽ 100ലേറെ സീറ്റു നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും പറഞ്ഞു.

അർഹതയുണ്ട്: മുനവ്വറലി തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന് അർഹതയുണ്ടെന്നും എന്നാൽ, ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. സി.എച്ച്.മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ല. ചർച്ചകൾ പുരോഗമിക്കുമ്പോൾ സ്ഥാനം ആവശ്യപ്പെടുമോ എന്ന് ഇപ്പോൾ പറയാനാവില്ല. ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ടുപിടിച്ചെന്ന ആരോപണം പരിശോധിക്കും. അങ്ങനെ പിടിച്ചിട്ടില്ലെന്നാണ് കരുതുന്നത്.