ത​ല​സ്ഥാ​നം മു​ൾ​മു​ന​യിൽ

Saturday 11 April 2026 1:56 AM IST

തിരുവനന്തപുരം :തലസ്ഥാന ജില്ല ആരു നേടുമെന്നറിയാനുള്ള ടെൻഷനിലാണ് ഇടത് ,വലത് മുന്നണികൾ. കഴിഞ്ഞ തവണ ജില്ലയിലെ 14 ൽ 13 സീറ്റിലും വിജയിച്ച എൽ.ഡി.എഫ്‌ , ഇക്കുറി മിക്കവാറും സിറ്റിംഗ് സീറ്റുകളിൽ ജയിക്കുമെന്ന പ്രതീക്ഷയിലാണ്. ഏക സിറ്റിങ് സീറ്റായ കോവളത്തിന് പുറമെ ഭൂരിപക്ഷം മണ്ഡലങ്ങളിലും കാഴ്ച വച്ച കടുത്ത മത്സരം, വിജയമായി മാറുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് നേതൃത്വം. നേമത്ത് പൂട്ടിയ അക്കൗണ്ട് തുറക്കാനിറങ്ങിയ ബി.ജെ.പിക്ക്, ഇതിന് പുറമെ കഴക്കൂട്ടവും വട്ടിയൂർക്കാവും പ്രതീക്ഷ നൽകുന്നുണ്ട്.

മിക്ക മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യമാണ് രണ്ടു മുന്നണികളുടെയും വിജയ, പരാജയം നിശ്ചയിക്കുക. ജില്ലയിൽ 10 ലധികം സീറ്റ് നേടുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുമ്പോൾ എട്ടിലധികം സീറ്റ് ലഭിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ . കൈയിലുള്ള കോവളത്തിന് പുറമെ കാട്ടാക്കട, തിരുവനന്തപുരം, നെയ്യാറ്റിൻകര,പാറശാല, അരുവിക്കര , വാമനപുരം സീറ്റുകളിൽ യു.ഡി.എഫിന് വലിയ പ്രതീക്ഷയുണ്ട്. രണ്ടു സീറ്റ് ഉറപ്പെന്ന് ബി.ജെ.പിയും പറയുന്നു. നെടുമങ്ങാടും ,ചിറയിൻകീഴും ജയം ആവർത്തിക്കുമെന്നാണ് സി.പി.ഐ കണക്ക് കൂട്ടുന്നത്.