കൊ​ല്ല​ത്ത് ​ടെ​ൻ​ഷ​ൻ

Saturday 11 April 2026 2:57 AM IST

കൊല്ലം: കൊല്ലത്ത് മൂന്ന് മുന്നണികളും പോളിംഗ് ഉയർന്നതിൽ ടെൻഷനിലാണ്. കൊല്ലത്ത് സീറ്റിടിഞ്ഞാൽ എൽ.ഡി.എഫിന്റെ തുടർഭരണ സ്വപ്നം തകരും. ജില്ലയിൽ സീറ്റ് വർദ്ധിച്ചില്ലെങ്കിൽ യു.ഡി.എഫിന് ഭരണം പിടിക്കാനാവില്ല. ചാത്തന്നൂരിൽ താമര വിരിഞ്ഞില്ലെങ്കിൽ എൻ.ഡി.എക്ക് വലിയ സ്വപ്നത്തകർച്ച. കഴിഞ്ഞ തവണ ജില്ലയിലെ 11 സീറ്റുകളിൽ ഒൻപതിലും എൽ.ഡി.എഫാണ് വിജയിച്ചത്. ഇന്നലെ ഓൺലൈനായി ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പല സിറ്റിംഗ് സീറ്റുകളിലും വിജയിക്കുമെന്ന് ഉറപ്പിക്കാൻ കഴിയാത്ത ശക്തമായ മത്സരം നേരിട്ടതായി വിലയിരുത്തി.

ജില്ലയിൽ കുറഞ്ഞത് എട്ട് സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. കൈയിലുള്ള കരുനാഗപ്പള്ളി, കുണ്ടറ സീറ്റുകൾക്ക് പുറമേ കൊല്ലം, കുന്നത്തൂർ, ചവറ സീറ്റുകളിൽ വലിയ പ്രതീക്ഷയുണ്ട്.ചവറയിലും കുന്നത്തൂരിലും വിജയം ഉറപ്പെന്ന് ആർ.എസ്.പി നേതാക്കൾ പറയുന്നു. സംസ്ഥാനത്ത് ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് ചാത്തന്നൂർ. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വലിയ വോട്ട് വർദ്ധനവ് സൃഷ്ടിച്ച് രണ്ടാം സ്ഥാനത്തെത്തിയ ബി.ബി.ഗോപകുമാറാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാർത്ഥി.