കോ​ട്ട​യം കോ​ട്ട​യിലാര്

Saturday 11 April 2026 2:03 AM IST

കോട്ടയം: കോട്ടകൾ തിരിച്ചു പിടിക്കുമെന്ന് യു.ഡി.എഫ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റെന്ന് എൽ.ഡി.എഫ്. വോട്ട് ഷെയർ വർദ്ധിക്കുമെന്ന് ബി.ജെ.പിയും. 9 നിയമസഭാ മണ്ഡലങ്ങളിൽ കോട്ടയവും,​ പുതുപ്പള്ളിയും കടുത്തുരുത്തിയും പാലായും മാത്രമേ കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പം നിന്നുള്ളൂ. കേരളാ കോൺഗ്രസ് (എം) കരുത്തിൽ വിറപ്പിച്ച ഇടതുമുന്നണിയെ ഇക്കുറി തറ പറ്റിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം സംഘടനാതലത്തിലുണ്ടായ ഉണർവ്, പാർലമെന്റ്,​ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നേടിയ മേൽക്കൈ എന്നിവയിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. പൂഞ്ഞാർ,​ ചങ്ങനാശേരി,​ ഏറ്റുമാനൂർ മണ്ഡലങ്ങൾ തിരിച്ചുപിടിക്കുമെന്നും.

സിറ്റിംഗ് സീറ്റുകൾക്ക് പുറമേ പാലായിൽ ജോസ് കെ.മാണി ജയിക്കുമെന്നാണ് ഇടത് പ്രതീക്ഷ. സി.പി.എം പൂർണമായും ജോസിനായി കളത്തിലിറങ്ങി. ജോസ് വിരുദ്ധ വോട്ടുകൾ എതിർ സ്ഥാനാർത്ഥികളായ മാണി സി.കാപ്പൻ,​ ഷോൺ ജോർജ് എന്നിവരിലേയ്ക്ക് വിഭജിച്ചു. ഭൂരിപക്ഷം കുറഞ്ഞാലും ഏറ്റുമാനൂരിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ. പൂഞ്ഞാർ,​ പാലാ,​ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ സഭയുടെ പിന്തുണയിൽ വിജയിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ സഭാ നേതൃത്വം യു.ഡി.എഫിനെ സഹായിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളിൽ ഒരു വിഭാഗം കൂടെ നിന്നു.