വിഷു, മേടമാസ പൂജകൾക്ക് ശബരിമല നട തുറന്നു
Saturday 11 April 2026 1:15 AM IST
പത്തനംതിട്ട:വിഷു,മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു.ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു.ശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ചു. തുടർന്നാണ് ഭക്തരെ പതിനെട്ടാംപടി ചവുട്ടാൻ അനുവദിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും.തുടർന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമം.നെയ്യഭിഷേകം,അഷ്ടാഭിഷേകം,ഉഷഃപൂജ കലശാഭിഷേകം,കളഭാഭിഷേകം ഉച്ചപൂജ എന്നിവ പൂർത്തിയാക്കി ഒന്നിന് നടയടയ്ക്കും.വൈകിട്ട് അഞ്ചിന് നട തുറക്കും. ദീപാരാധനയ്ക്കു ശേഷം പടിപൂജ,പുഷ്പാഭിഷേകം,അത്താഴ പൂജ.15ന് പുലർച്ചെ നാലു മുതലാണ് വിഷുക്കണി ദർശനം.വിഷു ഉത്സവവും മേടമാസ പൂജകളും പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും.