'രഞ്ജിത്തിനെതിരെ തെളിവുണ്ട്, ജാമ്യം ആരോഗ്യകാരണങ്ങളാൽ'; ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്ന് കോടതി

Saturday 11 April 2026 10:58 AM IST

കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. രഞ്ജിത്തിന് ജാമ്യം അനുവദിച്ചത് ആരോഗ്യകാരണങ്ങളെ തുടർന്നാണെന്നും പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കുന്ന ആശങ്ക ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിന് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

പ്രതിക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ആരോഗ്യകാരണങ്ങളാൽ ഒളിവിൽ പോകാനുള്ള സാദ്ധ്യത വളരെ കുറവാണെന്ന് കോടതി വിലയിരുത്തി. എന്നാൽ പ്രതിക്ക് സ്വാധീനമുണ്ടെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് ഗൗരവതരമാണെന്ന് കോടതി പറഞ്ഞു. രഞ്ജിത്തിന്റെ തന്നെ സിനിമയിലെ അണിയറപ്രവർത്തകരാണ് കേസിലെ സാക്ഷികൾ.

രഞ്ജിത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വാദത്തിനിടെ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നില്ല, അതിക്രമം നടന്ന ദിവസം തന്നെ പ്രതി അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു, ഫോൺ പൊലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്, പുതിയ ഡിജിറ്റൽ തെളിവുകളടക്കം കിട്ടിയ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട് എന്നിങ്ങനെയാണ് കസ്റ്റഡി അപേക്ഷയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.

ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. അതിക്രമം നടന്നെന്ന് പരാതിയിൽ പറയുന്ന കാരവാനിൽ അടക്കം തെളിവെടുപ്പ് പൂർത്തിയാക്കി രഞ്ജിത്തിനെ റിമാൻഡ് ചെയ്തിരുന്നു.