'തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല; പിസി ജോർജും മകനും നടത്തുന്ന അധിക്ഷേപം ബിജെപിയുടെ പിന്തുണയോടെ'

Saturday 11 April 2026 2:21 PM IST

തിരുവനന്തപുരം: കത്തോലിക്കാ സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി.സി ജോർജും മകനും നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾ അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയും ഇത്തരം നീക്കങ്ങൾക്ക് പിന്നിലുണ്ട്. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് ബോദ്ധ്യമായപ്പോൾ ഭീഷണിയുടെ സ്വരവുമായി ബി.ജെ.പി നേതൃത്വം ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ സമൂഹത്ത ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ മതേതര കേരളം ആ നീക്കത്തെ ചെറുത്ത് തോൽപ്പിക്കും. സഭയ്ക്കും ദീപിക പത്രത്തിനും എതിരെയുള്ള നീക്കങ്ങളെ ചെറുക്കാൻ യു.ഡി.എഫ് മുന്നിലുണ്ടാകുക തന്നെ ചെയ്യും. സഭയ്‌ക്കെതിരെ പി.സി ജോർജ്ജും മകനും നടത്തുന്ന അധിക്ഷേപ പരാമർശങ്ങളിൽ ബി.ജെ.പി കേന്ദ്രസംസ്ഥാന നേതൃത്വങ്ങൾ നിലപാട് വ്യക്തമാക്കണം.

സംഘ്പരിവാർ സംഘടനകൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ്. രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നവരാണ് വോട്ടിനു വേണ്ടി കേക്കുമായി അരമനകൾ കയറിയിറങ്ങിയത്. കേരളീയ സമൂഹത്തിന് സംഘ്പരിവാറിന്റെ കുടിലത തിരിച്ചറിയാനുള്ള പ്രയോഗിക ബുദ്ധിയുണ്ട്. ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും വരുതിയിലാക്കാമെന്ന സംഘ്പരിവാർ അജണ്ട കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.