സൺറൈസേഴ്സിനെ 'അടിച്ചു' ഒതുക്കി പഞ്ചാബ്; മുല്ലൻപുരിൽ കിംഗ്‌സ് ഷോ
മുല്ലൻപുർ: ഐപിഎൽ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്‌സിന് ഉജ്ജ്വല ജയം. ഹൈദരാബാദ് ഉയർത്തിയ 220 റൺസ് എന്ന കൂറ്റൻ ലക്ഷ്യം 7 പന്തുകൾ ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. ഇത് പത്താം തവണയാണ് പഞ്ചാബ് 200ന് മുകളിൽ സ്‌കോർ ചേസ് ചെയ്ത് ജയിക്കുന്നത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 200+ റൺസ് വിജയകരമായി പിന്തുടർന്ന ടീമെന്ന റെക്കാഡും പഞ്ചാബിന്റെ പേരിലായി.
220 റൺസ് പിന്തുടരാനിറങ്ങിയ പഞ്ചാബിന് സ്വപ്‌നതുല്യമായ തുടക്കമാണ് ഓപ്പണർമാരായ പ്രിയാൻശ് ആര്യയും പ്രഭ്‌സിമ്രൻ സിംഗും നൽകിയത്. പഞ്ചാബ് കിംഗ്‌സിനായി അർദ്ധസെഞ്ചറി നേടി കരുത്തുറ്റ പ്രകടനം കാഴ്ചവച്ച ഓപ്പണർമാരും ക്യാപ്ടനുമാണ് ടീമിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. വെറും 20 പന്തിൽ നിന്ന് 57 റൺസ് അടിച്ചുകൂട്ടിയ പ്രിയാൻശ് ആര്യയുടെ ഇന്നിംഗ്‌സായിരുന്നു ഇതിൽ നിർണായകമായത്. 16 പന്തിൽ അർദ്ധസെഞ്ചറി തികച്ച പ്രിയാൻശ് ഹൈദരാബാദ് ബൗളർമാരെ നിലംപരിശാക്കി. ഒപ്പത്തിനൊപ്പം നിന്ന പ്രഭ്‌സിമ്രൻ 25 പന്തിൽ 51 റൺസ് നേടി മികച്ച പിന്തുണ നൽകി.
ഓപ്പണർമാർ നൽകിയ അടിത്തറയിൽ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചത് ക്യാപ്ടൻ ശ്രേയസ് അയ്യരുടെ ബാറ്റിംഗാണ്. 33 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന അയ്യർ ടീമിനെ സുരക്ഷിതമായി വിജയതീരത്ത് എത്തിച്ച ശേഷമായിരുന്നു ക്രീസ് വിട്ടത്. ആദ്യ ഓവർ സ്പിന്നർ ഹർഷ് ദുബെയെ ഏൽപ്പിക്കാനുള്ള സൺറൈസേഴ്സ് ക്യാപ്ടൻ ഇഷാൻ കിഷന്റെ തീരുമാനം പാളിയിരുന്നു. ആ ഓവറിൽ 18 റൺസെടുത്ത പ്രിയാൻശ് പഞ്ചാബിന്റെ മൂഡ് സെറ്റ് ചെയ്തു. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 93 റൺസ് എന്ന നിലയിലായിരുന്നു പഞ്ചാബ്. മദ്ധ്യനിരയിൽ കോണോളിയും വധേരയും പെട്ടെന്ന് പുറത്തായെങ്കിലും ശശാങ്ക് സിംഗിനെ (16) കൂട്ടുപിടിച്ച് അയ്യർ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന് മികച്ച തുടക്കമായിരുന്നു നൽകിയത്. ഒരിക്കൽ കൂടി ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ഓപ്പണിംഗ് കൂട്ടുകെട്ട് തങ്ങളാണെന്ന് തെളിയിച്ച് ഇരുവരും ചേർന്ന് പവർപ്ലേയിൽ പഞ്ചാബ് ബൗളർമാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു. 28 പന്തിൽ നിന്ന് എട്ട് സിക്സറുകളും അഞ്ച് ഫോറുമടക്കം 78 റൺസ് അടിച്ചുകൂട്ടിയ അഭിഷേക് ശർമയായിരുന്നു ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ. അഭിഷേകിന് പിന്തുണ നൽകിയ ട്രാവിസ് ഹെഡ് 23 പന്തിൽ 38 റൺസ് നേടി പുറത്തായി. മദ്ധ്യനിരയിൽ 33 പന്തിൽ 39 റൺസെടുത്ത ഹെന്റിച്ച് ക്ലാസന്റെ ബാറ്റിംഗ് കൂടി തുണയായതോടെ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന കൂറ്റൻ സ്‌കോറിലേക്ക് ഹൈദരാബാദ് എത്തിച്ചേരുകയായിരുന്നു.
പവർപ്ലേയിൽ മാത്രം 105 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ പവർപ്ലേ സ്‌കോറാണിത്. ഹൈദരാബാദ് 250 കടക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ശശാങ്ക് സിംഗിനെ ബോളിംഗിന് ഏൽപ്പിക്കാനുള്ള ശ്രേയസ് അയ്യരുടെ തീരുമാനം ഫലം കണ്ടത്. ഒൻപതാം ഓവറിൽ അഭിഷേക് ശർമയെയും ട്രാവിസ് ഹെഡിനെയും പുറത്താക്കി ശശാങ്ക് ഹൈദരാബാദിന്റെ കുതിപ്പിന് ബ്രേക്കിട്ടു. പിന്നീട് ക്ലാസൻ നടത്തിയ പോരാട്ടമാണ് സ്‌കോർ 200 കടത്തിയത്. പഞ്ചാബിനായി അർഷ്ദീപ് സിംഗ് സീസണിലെ തന്റെ ആദ്യ വിക്കറ്റും സ്വന്തമാക്കി.