എസ്.ഐ നിയമനം ലഭിച്ച ബോഡി ബിൽഡർമാരിൽ ഒരാൾ വൈദ്യപരിശോധനയിൽ പുറത്ത്

Sunday 12 April 2026 12:47 AM IST

തിരുവനന്തപുരം: പൊലീസിൽ സബ് ഇൻസ്പെക്ടർമാരായി നിയമനം ലഭിച്ച രണ്ട് ബോഡി ബിൽഡിംഗ് താരങ്ങളിലൊരാൾ വൈദ്യപരിശോധനയിൽ പുറത്തായി.ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വ,മിസ്റ്റർ യൂണിവേഴ്സ് കിരീടം നേടിയ ചിത്തരേഷ് നടേശൻ എന്നിവർക്കാണ് നിയമനം ലഭിച്ചിരുന്നത്.ചിത്തരേഷ് നടേശനാണ് വൈദ്യപരിശോധനയിൽ പുറത്തായത്.ഫ്ലാറ്റ് ഫുട്ടായതിനാൽ സേനയിൽ എടുക്കാൻ കഴിയില്ലെന്നാണ് വൈദ്യപരിശോധന റിപ്പോർട്ട്.ഇതിനെതിരെ അപ്പീൽ നൽകാനാവും.വീണ്ടും വൈദ്യപരിശോധനയ്ക്ക് ഹാജരാകാനുമാവും.നേരത്തേ കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു.ചിത്തരേഷ് നടേശ് കായിക ക്ഷമത പരീക്ഷയിൽ പങ്കെടുത്തിരുന്നില്ല. തോറ്റവർക്ക് വീണ്ടും കായിക ക്ഷമതാ പരീക്ഷ നടത്തുന്നതിനെ ബറ്റാലിയൻ എ.ഡി.ജി.പി എതിർത്തിരുന്നു.എന്നാൽ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ ശുപാർശയിൽ ഇരുവരെയും നിയമിക്കുകയായിരുന്നു.തൃശൂരിലെ പൊലീസ് അക്കാഡമിയിൽ ഇരുവർക്കും ഒരു വർഷത്തെ പരിശീലനം നൽകാനായിരുന്നു തീരുമാനം.ബോ‌ഡി ബിൽഡർമാർക്ക് ഓട്ട മത്സരം നിർബന്ധമില്ലെന്നും പ്രത്യേക സാഹചര്യത്തിൽ നിയമനം നൽകാമെന്നുമായിരുന്നു പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ ശുപാർശ.നിലവിലെ ചട്ടങ്ങൾ ഇളവു ചെയ്ത് ഇരുവരെയും നിയമിക്കാൻ നേരത്തേ മന്ത്രിസഭായോഗവും തീരുമാനിച്ചിരുന്നു.

പുരുഷ ശരീരസൗന്ദര്യ മത്സരം ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ ഇനമല്ല.അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകൾ നേടിയ താരങ്ങൾ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് വേണ്ടപ്പെട്ടവർക്കായി സർക്കാരിന്റെ ഈ വഴിവിട്ട നീക്കം.സ്‌പോർട്സ് ക്വോട്ട നിയമനത്തിന് ബോഡി ബിൽഡിംഗ് ഇതുവരെ പരിഗണിച്ചിട്ടുമില്ല.ആദ്യമായാണ് ശരീര സൗന്ദര്യ മത്സര വിജയികളെ പൊലീസിൽ നേരിട്ട് നിയമിക്കുന്നത്.