വിദേശ നിക്ഷേപ പിന്മാറ്റം ആശങ്കാജനകം

Sunday 12 April 2026 12:54 AM IST

കൊച്ചി: രാജ്യത്തെ ഓഹരി വിപണിക്ക് കടുത്ത ആശങ്ക സൃഷ്‌ടിച്ച് വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകുന്നു. ഏപ്രിലിൽ ആദ്യ പത്ത് ദിവസത്തിനിടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 48,213 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 1.76 ലക്ഷം കോടി രൂപ തിരികെ കൊണ്ടുപോയിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമായതാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് വേഗത കൂട്ടിയത്. ഇറാനെതിരെ യു.എസും ഇസ്രയേലും ആക്രമണം ശക്തമാക്കുന്നതിനാൽ ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളറിന് അടുത്ത് തുടരുന്നതിനാൽ ഇന്ത്യയുടെ സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുമെന്ന ആശങ്കയാണ് പണമൊഴുക്കിന് ആക്കം കൂട്ടുന്നത്.

പുതിയ സാഹചര്യത്തിൽ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിക്കുന്നതും യു.എസ് കടപ്പത്രങ്ങൾക്ക് പ്രിയമേറുന്നതും വിദേശ പണമൊഴുക്ക് കൂടാൻ കാരണമായി. എണ്ണ വിലയിലെ വർദ്ധനയും രൂപയുടെ മൂല്യത്തകർച്ചയും വരുമാന വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ഫണ്ടുകൾ വിലയിരുത്തുന്നു. അതേസമയം ആഭ്യന്തര നിക്ഷേപകർ വലിയ തോതിൽ പണമൊഴുക്കുന്നതിനാൽ ഇന്ത്യൻ ഓഹരികൾ ശക്തമായി പിടിച്ചു നിൽക്കുന്നു.