ചൂട് കൂടി ; തീരക്കടലിൽ വറുതിക്കാലം
കൊച്ചി: കടുത്ത ചൂടുകാരണം മത്സ്യങ്ങൾ ആഴക്കടലിലേക്ക് മാറിയതോടെ തീരക്കടലിലെ മത്സ്യലഭ്യതയിൽ കുറവ്. ഇതോടെ മത്തി ഉൾപ്പെടെ മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്കെല്ലാം വിലകൂടി. മേയ് അവസാനം വരെ ഈ പ്രതിഭാസം തുടർന്നേക്കാമെന്നാണ് വിദഗ്ദ്ധാഭിപ്രായം. മത്തി,അയല, നെത്തോലി,ചിലയിനം ചൂര,താഴ്ന്ന നിരപ്പിലുള്ള കൂരി,നങ്ക്,കണവ,ആയിരംപല്ലി,പാമ്പാട തുടങ്ങിയ മീനുകൾ കിട്ടാത്ത സ്ഥിതിയുമുണ്ട്.
ചെറുവഞ്ചികളിലും ഇൻബോർഡ് വള്ളങ്ങളിലും പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് ഇത് ഏറെ ബാധിച്ചത്. തീരക്കടലിന് പുറത്തുള്ള, 80 മീറ്ററിലേറെ ആഴമുള്ള മേഖലയിലെ മത്സ്യങ്ങൾ പരമ്പരാഗത തൊഴിലാളികൾക്ക് അപ്രാപ്യമാണ്. കേരളത്തിൽ 32,000 വള്ളങ്ങളിൽ ഒന്നര ലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. കാലാവസ്ഥാ വ്യതിയാനവും വിഭവശോഷണവും മൂലമുള്ള വെല്ലുവിളികൾ നേരിടാൻ സമുദ്ര മത്സ്യക്കൃഷി പോലുള്ള ബദൽ മാർഗങ്ങൾ അനിവാര്യമാണെന്ന് ഗവേഷകർ പറയുന്നു.
ഹാലജൻ കെണിയും
തീരദേശത്തെ മീനുകളെ ഹാലജൻ ബൾബുകൾ ഉപയോഗിച്ച് ആകർഷിച്ച് പിടിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വ്യാപകമാണ്. തീരത്തെ മത്സ്യശോഷണത്തിന് ഇതും ഒരു കാരണമായി വിലയിരുത്തുന്നു. വെളിച്ചം കണ്ട് മീനുകളും പ്രാണികളും കൂട്ടത്തോടെയെത്തുന്നു. പ്രാണികളെ ഭക്ഷണമാക്കാമെന്നതും മീനുകളെ ആകർഷിക്കുന്നു.
ഇന്ത്യയിൽ പ്രതിവർഷം
പിടിക്കുന്ന കടൽ മത്സ്യം
35 ലക്ഷം ടൺ
വിശാലമായ തീരമുള്ളതിനാൽ മത്സ്യക്കൃഷിക്ക് കേരളത്തിൽ സാദ്ധ്യത
ഏറെയാണെങ്കിലും വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല.
ഡോ.എം.കെ. സജീവൻ,ഡയറക്ടർ ഒഫ് എക്സ്റ്റൻഷൻ,
ഡീൻ,ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജിനിയറിംഗ്,കുഫോസ്