ജാനുവിന്റെ കാൽ എടുത്ത് ട്രാൻ. ഡ്രൈവറുടെ ക്രൂരത,​ ഇറങ്ങും മുമ്പ് ബസ് മുന്നോട്ട്,​ തകർന്ന കാൽ മുറിച്ചുമാറ്റി

Sunday 12 April 2026 12:11 AM IST

കോഴിക്കോട്: സ്റ്റോപ്പിൽ ഇങ്ങും മുമ്പ് ബസ് മുന്നോട്ടെടുത്തു. പിടിവിട്ട് വീണ ജാനുവിന്റെ ഇടതു കാലിലൂടെ ചക്രം കയറിയിറങ്ങി. ചതഞ്ഞരഞ്ഞ കാൽ മുറിച്ചുമാറ്റി. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ അശ്രദ്ധ. തകർന്നുപോയത്, 63-ാംവയസിലും കൂലിപ്പണിചെയ്തു കഴിഞ്ഞുവന്ന വീട്ടമ്മയുടെ ജീവിതം.

താമരശ്ശേരി ചിപ്പിലിത്തോട് ചക്കോടി പുറായിൽ ജാനു കോഴിക്കോട് മെഡിക്കൽ കോളേജ് ഓർത്തോ ഐ.സി.യുവിലാണ്. ചികിത്സാചെലവ് കണ്ടെത്താനുള്ള ഓട്ടത്തിലാണ് കുടുംബം. രണ്ട് മാസം മുൻപാണ് ജാനുവിന്റെ ഭർത്താവ് ഭാസ്കരൻ മരിച്ചത്.

11 വർഷമായി മകൾ മിനിക്കൊപ്പം കോഴിക്കോട് ചിപ്പിലിത്തോട് താമസിക്കുന്ന ജാനു വ്യാഴാഴ്ച വോട്ടിടാൻ വയനാട്ടിലേക്ക് പോയി വരുമ്പോഴായിരുന്നു അപകടം. വെെത്തിരിയിൽ നിന്ന് കോഴിക്കോട്- നിലമ്പൂർ ഭാഗത്തേക്കുള്ള ബസിലാണ് കയറിയത്. വൈകിട്ട് അഞ്ചോടെ ബസ് ചിപ്പിലിത്തോട് എത്തി. ജാനു ഇറങ്ങാനായി ഒരു കാൽ പുറത്തേക്ക് വച്ചയുടൻ ബസ് മുൻപോട്ടെടുത്തു. അപകടമുണ്ടായിട്ടും നിറുത്താത്ത ബസ് നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച കാൽ മുറിച്ചുമാറ്റി.

വയനാട് വെെത്തിരിയിലെ മെഡോസ് റിസോർട്ടിൽ ക്ളീനിംഗ് തൊഴിലാണ് ജാനുവിന്. മകൻ വിനീഷ്. എല്ലാത്തിനും തങ്ങളെ ബുദ്ധിമുട്ടിക്കാതെ, ആവുന്നിടത്തോളം തൊഴിലെടുക്കുമെന്ന് മക്കളോട് പറഞ്ഞിരുന്നു ജാനു. ആ സാധു മാതാവാണ് കാൽ നഷ്ടപ്പെട്ട് ചികിത്സയ്ക്ക് പണമില്ലാതെ ആശുപത്രിയിൽ കിടക്കുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ താമരശ്ശേരി പൊലീസിൽ പരാതി നൽകിയെന്ന് മകൾ മിനി പറഞ്ഞു.