പി.ഐ.പി വലതുകര കനാൽ : കനാൽ ഭിത്തി പണിതില്ല കർഷകർക്ക് വെള്ളവുമില്ല

Saturday 11 April 2026 11:31 PM IST

കോഴഞ്ചേരി: പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ വലതുകര കനാലിന്റെ ഇടിഞ്ഞുവീണ സംരക്ഷണഭിത്തിയുടെ അറ്റകുറ്റപ്പണി വൈകുന്നു. മണിയാർ ഡാമിന്റെ ഷട്ടർ മാറ്റി സ്ഥാപിക്കുന്ന പണി നടക്കുന്നതിനാൽ ഇപ്പോൾ കനാലിൽ കൂടി വെള്ളം ഒഴുകുന്നില്ല . ഇൗ സാഹചര്യത്തിൽ സംരക്ഷണഭിത്തിയുടെ അറ്റകുറ്റപ്പണി നടത്താൻ കഴിയുമെങ്കിലും നടപടിയില്ല.

ചെറുകോൽ വാഴക്കുന്നം ജംഗ്ഷന് സമീപമുള്ള കനാൽ ഭിത്തിയാണ് മാസങ്ങൾക്ക് മുമ്പ് ഇടിഞ്ഞുവീണത്.

മണിയാറിൽ നിന്ന് ആരംഭിക്കുന്ന മെയിൻ കനാൽ വാഴക്കുന്നത്ത് എത്തി രണ്ടായി പിരിയുകയാണ് .ഇതിൽ വരട്ടാറിൽ അവസാനിക്കുന്ന വലതുകര കനാലിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണത് . കനാൽ തുറന്നുവിടാത്തത് മൂലം കാർഷികാവശ്യങ്ങൾക്ക് ഉൾപ്പെടെ വെള്ളവും ലഭിക്കുന്നില്ല.

വേനൽക്കാലത്ത് കനാൽവെള്ളത്തെ ആശ്രയിക്കുന്ന പ്രദേശമാണിത്. കാലപ്പഴക്കം മൂലം തകരാറിലായ മണിയാർ ഡാമിന്റെ ഷട്ടറിന്റെ അറ്റകുറ്റപ്പണി ഒരു വർഷമായി നടക്കുന്നതിനാൽ കനാൽ തുറന്നുവിടേണ്ടെന്നായിരുന്നു പമ്പാ ജലസേചന പദ്ധതി അധികൃതരുടെ തീരുമാനം. കനാലിലൂടെ വെള്ളം ഒഴുകിയാൽ ഷട്ടറിന്റെ പണി നടത്താൻ കഴിയില്ല. ഇതുമൂലം കനാൽ അടച്ചെങ്കിലും നാട്ടുകാർ പ്രതിഷേധിച്ചു. പരാതിയെ തുടർന്ന് ജനുവരി, ഫെബ്രുവരി , മാർച്ച് മാസങ്ങളിൽ കനാൽ തുറക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. തുടർന്ന് വെള്ളം തുറന്നുവിട്ടെങ്കിലും മാർച്ച് 31ന് അടച്ചു. വെള്ളം ഒഴുകിക്കൊണ്ടിരിക്കുമ്പോഴാണ് കരിങ്കല്ലുകൊണ്ട് നിർമ്മിച്ച കനാൽഭിത്തി ഇടിഞ്ഞുവീണത്. മഴക്കാലത്തിന് മുമ്പ്അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പണി നടക്കാൻ കടമ്പകളേറെ

ഇടിഞ്ഞുപോയ ഭാഗം കെട്ടിസംരക്ഷിക്കാൻ ചെറിയ തുക മതിയെങ്കിലും ഇത് അനുവദിക്കുന്നതിന് കാലതാമസമുണ്ടാകും.

ഇരവിപേരൂർ സെക്‌ഷനു കീഴിലാണ് പ്രദേശം. സൂപ്രണ്ടിങ് എനജിനീയറെത്തി സ്ഥലം പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയാൽ മാത്രമേ തുക അനുവദിക്കാനാകു. പിന്നീട് നിയമപരമായി കരാറുകാരനെ കണ്ടെത്തണം. ഇതിനെല്ലാം കാലതാമസമുണ്ടാകും. അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട കാര്യങ്ങളിൽ പോലും സാങ്കേതിക പ്രശ്നങ്ങൾ തടസമാണ്.

കനാൽറോഡും ഭീഷണിയിൽ

കനാൽ ഭിത്തി തകർന്ന് മണ്ണിടിഞ്ഞതോടെ ഇൗ ഭാഗത്തെ കനാൽ റോഡും അപകട ഭീഷണിയിലാണ് . വാഹനങ്ങൾ പോകുന്നതിനാൽ കൂടുതൽ ഭാഗം ഇടിയാൻ സാദ്ധ്യതയുണ്ട്. മുന്നറിയിപ്പ് സൂചനയായി ചുവന്ന റിബൺ വലിച്ചു കെട്ടിയതല്ലാതെ പമ്പാ ജലസേചന വകുപ്പ് ഇതുവരെ നടപടി സ്വകരിച്ചിട്ടില്ല .