ഇ.വി വില്പന കുതിക്കുന്നു, ചാർജിംഗ് സ്റ്റേഷനുകൾക്കായി നെട്ടോട്ടം
പത്തനംതിട്ട: ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്പന കുതിക്കുമ്പോഴും സംസ്ഥാനത്ത് ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവം പ്രതിസന്ധിയാകുന്നു. കഴിഞ്ഞ വർഷം 93247 ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റുപോയ കേരളത്തിൽ ആകെ 1389 ചാർജിംഗ് സ്റ്റേഷനുകളാണുള്ളത്. ഇന്ധന വില വർദ്ധനവിനെ തുടർന്ന് ഈ വർഷം വില്പന ഒരുലക്ഷം കടന്നേക്കുമെന്നാണ് സൂചന. ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവം മൂലം വലയുന്നവരിലധികവും ദീർഘദൂര യാത്രക്കാരാണ്. ദേശീയപാതകളിൽ പുതിയ ചാർജിംഗ് സ്റ്റേഷനുകൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ല. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിലാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഐ.ടി സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും എണ്ണം പരിമിതമാണ്.
തകരാറിലായി ചാർജിംഗ് മെഷീനുകൾ
സംസ്ഥാനത്തുടനീളം ഇ.വി ചാർജിംഗ് സ്റ്രേഷനുകൾ സ്ഥാപിച്ചിട്ട് അഞ്ചുവർഷമായി. ആദ്യകാലങ്ങളിൽ പ്രശ്‌നമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഇവ നിരന്തരം പണിമുടക്കാൻ തുടങ്ങി. പ്രശ്‌നം കൃത്യമായി പരിഹരിക്കാത്തതും ചാർജിംഗ് ഗൺ പോയിന്റുകൾ നവീകരിക്കാത്തതും പ്രതിസന്ധിയായി. വൈദ്യുതി പോസ്റ്റുകളിലെ ചാർജിംഗ് പോയിന്റുകളിൽ കൂടുതലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇവ തിരിച്ചറിയാനായി പോസ്റ്റുകളിൽ പച്ചയും മഞ്ഞയും പെയിന്റ് അടിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ നിറമെല്ലാം മങ്ങി കണ്ടാൽ മനസിലാകാത്ത അവസ്ഥയാണ്.
വ്യത്യസ്‌ത ചാർജിംഗ്
ഗൺ പോയിന്റുകൾ
വാഹനങ്ങളുടെ തരം,ചാർജിംഗ് വേഗത,നിർമ്മാണ കമ്പനികൾ പിന്തുടരുന്ന മാനദണ്ഡങ്ങൾ എന്നിവയ്ക്കനുസരിച്ച് ഗൺ പോയിന്റുകളിൽ വ്യത്യാസം വരുന്നതിനാൽ എല്ലാ പോയിന്റുകളിലും എല്ലാ വാഹനങ്ങളും ചാർജ് ചെയ്യാൻ സാധിക്കില്ല. ആദ്യ ഘട്ടത്തിൽ സ്ഥാപിച്ച ചാർജിംഗ് മെഷീനുകൾ നവീകരിച്ചാലേ പുതിയ വാഹനങ്ങൾക്ക് ഉപയോഗിക്കാനാകൂ.
ഇ.വി വാഹന വില്പന
ഈ വർഷം ഇതുവരെ: 35059
2025: 93247
2024: 26546
•സംസ്ഥാനത്തെ ചാർജിംഗ് സ്റ്റേഷനുകൾ ആകെ: 1389
•ഫാസ്റ്റ് ചാർജർ: 553
•പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ: 836
ഇ.വി ചാർജിംഗ് ഗൺപോയിന്റുകൾ നവീകരിക്കാനുള്ള ശ്രമം
നടക്കുകയാണ്. അതിനുള്ള പ്രൊപ്പോസൽ നൽകിയിട്ടുണ്ട്.
കെ.എസ്.ഇ.ബി അധികൃതർ