തഴവയി​ൽ പാടം നി​റയെ സൂര്യകാന്തി​ ശോഭ

Sunday 12 April 2026 1:45 AM IST
ഓച്ചിറ തഴവ ബി.ജെ.എസ് എം.എച്ച്.എസ്.എസി​നു പി​ന്നി​ലെ സൂര്യകാന്തി​ തോട്ടം

ഓച്ചിറ: തഴവ ബി.ജെ.എസ് എം.എച്ച്.എസ്.എസി​ന് പി​ന്നി​ലെ പാടം നി​റയെ സൂര്യകാന്തി​ പൂക്കളുടെ സൗന്ദര്യം. കുലശേഖരപുരം കുറുങ്ങപ്പള്ളി കൊല്ലായിൽ വടക്കേത്തറയിൽ സഹദേവൻ തന്റെ ട്രാക്ടറിന് സ്പെയർ പാർട്ട്സ് വാങ്ങാൻ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പോയപ്പോൾ കണ്ട സൂര്യകാന്തിപ്പാടം വല്ലാതെ ആകർഷിച്ചു.

അവിടെ നിന്ന് വിത്ത് വാങ്ങിയാണ് തിരികെപ്പോന്നത്. അയൽവാസിയായ അംബുജം ടീച്ചറുടെ പാടത്ത് എല്ലാ വർഷവും എള്ള് കൃഷി ചെയ്തുവന്ന സഹദേവൻ ഇത്തവണ ചാണകവും ചാരവും ഇട്ട് മൂന്ന് ചാലുഴുത് സൂര്യകാന്തി വിത്ത് പാകി. ഒന്നുകൂടി ഉഴുത്. അവശ്യത്തിന് നനകൂടിയായതോടെ ചെടികൾ നല്ലവണ്ണം വളർന്നു, പൂവിട്ടു. 50 സെന്റി​ൽ വി​രി​ഞ്ഞ വലി​പ്പമുള്ള പൂക്കൾ ആരേയും ആകർഷിക്കും.

സോഷ്യൽ മീഡിയകളി​ൽ അടക്കം പൂന്തോട്ടത്തിന്റെ ചി​ത്രങ്ങളും വീഡി​യോകളും പ്രചരിച്ചതോടെ സന്ദർശകരുടെ തിരക്കായി. പാനിപൂരിയും ഐസ് ക്രീം കച്ചവടവും ഫോട്ടോഷൂട്ട് വീഡിയോ റെക്കോർഡിംഗുമൊക്കെയായതോടെ തോട്ടത്തിനകത്ത് കയറാൻ പാസ് ഏർപ്പെടുത്തി. രാവിലെയും സന്ദർശകർ ഉണ്ടെങ്കിലും ഉച്ച കഴിഞ്ഞാൽ ആകെ തിരക്കാണ്. പൂക്കൾ വിളവെടുക്കാൻ കുറച്ചു ദിവസങ്ങൾ കൂടി വേണ്ടിവരും. അതിനു മുമ്പ് പൂക്കളുടെ ദലങ്ങൾ കൊഴിയും.