സഞ്ജുവിന്റെ കരുത്തിൽ ചെന്നൈയ്ക്ക് ആദ്യ ജയം; 23 റൺസിന് ഡൽഹിയെ തോൽപ്പിച്ചു

Saturday 11 April 2026 11:56 PM IST

ചെന്നൈ: തുടർച്ചയായ മൂന്ന്‌ തോൽവികൾക്ക്‌ ശേഷം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ വിജയം. സ്വന്തം തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിനാണ് സിഎസ്കെ തകർത്തത്. ഡൽഹിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്‌കോറും വിജയവും സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന കൂറ്റൻ സ്‌കോറായിരുന്നു പടുത്തുയർത്തിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു 56 പന്തിൽ നിന്ന് പുറത്താകാതെ 115 റൺസ് അടിച്ചുകൂട്ടി. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.

യുവതാരം ആയുഷ് മാത്രെ (59) സഞ്ജുവിന് മികച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസാണ് കൂട്ടിച്ചേർത്തത്. ഋതുരാജ് ഗെയ്‌ക്‌വാദ് (15), ശിവം ദുബെ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം . ഡൽഹിക്കായി ക്യാ്ര്രപൻ അക്സർ പട്ടേൽ ഒരു വിക്കറ്റ് വീഴ്ത്തി. പവർപ്ലേയ്ക്ക് പിന്നാലെയാണ് ക്യാപ്ടൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ (15) ചെന്നൈയ്ക്ക് നഷ്ടമായത്. ഡൽഹി നായകൻ അക്ഷർ പട്ടേലിന്റെ പന്തിൽ നിസങ്ക ക്യാച്ചെടുത്താണ് ഗെയ്ക്വാദിനെ കൂടാരം കയറ്റിയത്. മൂന്നാമനായി ഇറങ്ങിയ ആയുഷ് മാത്രെ 36 പന്തിൽ 59 റൺസെടുത്ത ശേഷം റിട്ടയേർഡ് ഔട്ടായി മടങ്ങി. അവസാന ഓവറുകളിൽ സഞ്ജുവിന് കൂട്ടായി ശിവം ദുബെയും (20) ക്രീസിലുണ്ടായിരുന്നു.

213 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് കെഎൽ രാഹുലും പതും നിസങ്കയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. 4 ഓവറിൽ ടീം സ്‌കോർ 50 കടന്നെങ്കിലും രാഹുലിനെ (18) പുറത്താക്കി ഖലീൽ അഹമ്മദ് ചെന്നൈയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകുകയായിരുന്നു. വൈകാതെ നിസങ്കയെ (45) അൻഷുൽ കംബോജും മടക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ചെന്നൈ ബൗളർമാർ കളം നിറഞ്ഞു.

അക്സർ പട്ടേലിനെ പുറത്താക്കാൻ സർഫറാസ് ഖാൻ എടുത്ത മിന്നും ക്യാച്ച് മത്സരത്തിൽ നിർണായകമായി. മുൻ ചെന്നൈ താരം സമീർ റിസ്‌വിയും പരാജയപ്പെട്ടതോടെ ഡൽഹിയുടെ പോരാട്ടം 189 റൺസിൽ അവസാനിക്കുകയായിരുന്നു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ്‌ പോയിന്റ് പട്ടികയിൽ പിന്നിലായിരുന്ന ചെന്നൈയ്ക്ക് ഈ വിജയം വലിയ ആശ്വാസമാണ്. സ്വന്തം ആരാധകർക്ക് മുന്നിൽ സഞ്ജു സാംസൺ നടത്തിയ മാസ്മരിക പ്രകടനവും ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്.