മൃഗങ്ങൾക്കായി വനംവകുപ്പൊരുക്കി 1500 കുടിനീരുറവകൾ

Sunday 12 April 2026 12:57 AM IST
മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതി

കോഴിക്കോട്: പൊള്ളുന്ന ചൂടിൽ വന്യജീവികൾക്കായി കാട്ടിൽ 1500 ജലസ്രോതസുകളൊരുക്കി വനംവകുപ്പ്. മൃഗങ്ങൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയാനാണിത്. വന്യജീവികൾക്ക് കാട്ടിൽ വെള്ളവും ഭക്ഷണവും ലഭ്യമാക്കുന്ന മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ഇത്തവണ പ്രത്യേക പ്രവർത്തന കലണ്ടർ വഴിയാണ് പദ്ധതിനടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഉൾക്കാടുകളിലെ ചെളിയും കാടും നിറഞ്ഞ ഉറവകളും തടയണകളും കുളങ്ങളും ഉപയോഗപ്രദമാക്കി. അവയുടെ ആഴവും സംഭരണശേഷിയും വർദ്ധിപ്പിച്ചു. കൃത്രിമ കുളങ്ങളും നിർമ്മിച്ചു. വറ്റിപ്പോകുന്ന അരുവികളിൽ ബ്രഷ് വുഡ് തടയണകൾ നിർമ്മിച്ച് കുടിനീരുറപ്പാക്കി.

ജനുവരി അവസാനവാരം ആരംഭിച്ച ആദ്യഘട്ട പ്രവർത്തനങ്ങൾ മാർച്ച് 31 ന് അവസാനിച്ചു. കഴിഞ്ഞ വർഷം 1000 ജലസ്രോതസുകളാണ് നിർമ്മിച്ചത്. വേനൽ മഴയിൽ പുൽനാമ്പുകൾ പെട്ടെന്ന് മുളയ്ക്കാൻ 3500 ഹെക്ടറിൽ ക​ൺട്രോ​ൾ ബേണിംഗ് നടത്തി. ഇത് മൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണമുറപ്പാക്കും. ആനമുതൽ ചെറുജീവികൾക്കുവരെ സഞ്ചരിക്കാൻ വഴികളൊരുക്കി. കാടും നാടും ഒന്നിക്കുന്ന പ്രദേശങ്ങളിൽ 760 ഹെക്ടറിൽ വൃക്ഷങ്ങളും അടിക്കാടുകളും വെട്ടിത്തെളിച്ചു(വിസ്ത ക്ലിയറൻസ് ). അധിനിവേശ സസ്യങ്ങൾ നശിപ്പിക്കുന്ന രണ്ടാം ഘട്ടത്തിന് ഈ മാസം ഒന്നിന് തുടക്കമായി. വനപാലകർക്കൊപ്പം വനം സംരക്ഷണസമിതി, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ നിർമ്മാണത്തിൽ പങ്കാളികളായി.

പ്രവൃത്തി ഇവ

ബ്രഷ് വുഡ് ചെക്ക് ഡാം, പുതിയ കുളങ്ങൾ, പുതിയ ചെക്ക് ഡാമുകൾ-1000 എണ്ണം

പാരിസ്ഥിതിക പുനഃസ്ഥാപനം..........922 ഹെക്ടർ

വയൽ പരിപാലനം...........1574 ഹെക്ടർ

പുൽമേട് കത്തിക്കൽ..........3500 ഹെക്ടർ

കാട് വെട്ടിത്തെളിക്കൽ(വിസ്ത ക്ലിയറൻസ്)...... 760 ഹെക്ടർ

കള നീക്കം ചെയ്യൽ.........700 ഹെക്ടർ

''ഓരോ വർഷവും കൂടുതൽ പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കും. ഇതുവഴി മൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനാവും''

നരേന്ദ്രനാഥ് വെള്ളൂർ, പദ്ധതി നോഡൽ ഓഫീസർ