ഹണി വർഗീസ് അടക്കം 5 പേരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ
Sunday 12 April 2026 12:00 AM IST
കൊച്ചി: രണ്ട് വനിതകൾ ഉൾപ്പെടെ അഞ്ച് ജുഡിഷ്യൽ ഓഫീസർമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തു. നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസും പട്ടികയിലുണ്ട്. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിമാരായ പി.എസ്.ശശികുമാർ (തൃശൂർ),കെ.കെ.ബാലകൃഷ്ണൻ (എറണാകുളം),എൻ.ഹരികുമാർ (പത്തനംതിട്ട),എസ്.നസീറ (തിരുവനന്തപുരം) എന്നിവരാണ് പട്ടികയിലെ മറ്റു പേരുകൾ.
ശുപാർശ തുടർനടപടിക്കായി സുപ്രീം കോടതി കൊളീജിയത്തിന് കൈമാറും. അഭിഭാഷകരിൽ നിന്ന് ജഡ്ജിമാരെ നിയമിക്കുന്ന കാര്യവും ഹൈക്കോടതി കൊളീജിയത്തിന്റെ പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന. 47 ജഡ്ജിമാർ വേണ്ട കേരള ഹൈക്കോടതിയിൽ നിലവിൽ 9 ഒഴിവുണ്ട്.