ഈ വർഷം അന്യഗ്രഹജീവികൾ ഭൂമിയിലെത്തും; കാത്തിരിക്കുന്നത് വൻ യുദ്ധം,​ വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ

Sunday 12 April 2026 12:40 AM IST

സോഫിയ: ലോകം കാണാനിരിക്കുന്ന വൻ മാറ്റങ്ങളെയും ദുരന്തങ്ങളെയും കുറിച്ച് പതിറ്റാണ്ടുകൾക്ക് മുൻപേ പ്രവചിച്ച 'ബാൽക്കണിലെ നോസ്ട്രഡാമസ്' എന്നറിയപ്പെടുന്ന ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു. 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതുമാണ്.

2026 നവംബറിൽ മനുഷ്യൻ ആദ്യമായി അന്യഗ്രഹ ജീവികളുമായി സമ്പർക്കം പുലർത്തുമെന്നാണ് ഏറ്റവും ശ്രദ്ധേയമായ പ്രവചനം. ഒരു കൂറ്റൻ ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്നും ഇതിൽ വിവരിക്കുന്നുണ്ട്. അടുത്തിടെ ശാസ്ത്രലോകം കണ്ടെത്തിയ '3I/ATLAS' എന്ന ധൂമകേതുവിനെ ഇതിനോട് ചേർത്ത് വായിക്കുകയാണ് ഗൂഢാലോചനാ സിദ്ധാന്തക്കാർ. ശാസ്ത്രജ്ഞർ ഇതൊരു സാധാരണ ബഹിരാകാശ വസ്തുവാണെന്ന് പറയുന്നുണ്ടെങ്കിലും ബാബ വാംഗയുടെ അനുയായികൾ ഇതിനെ അന്യഗ്രഹ പേടകമാണെന്നാണ് വിശ്വസിക്കുന്നത്.

യുദ്ധത്തെക്കുറിച്ചാണ് ലോകത്തെ നടുക്കുന്ന മറ്റൊരു പ്രവചനം. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ വൻശക്തികൾ തമ്മിലുള്ള തർക്കങ്ങൾ 2026ൽ അന്താരാഷ്ട്ര യുദ്ധത്തിലേക്ക് വഴിമാറുമെന്നാണ് ബാബ വാംഗ മുന്നറിയിപ്പ് നൽകിയതായി പറയപ്പെടുന്നത്. നിലവിൽ ഗൾഫ് രാജ്യങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലുമുള്ള സംഘർഷങ്ങൾ ഇതിന്റെ ആരംഭമാണെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ വിലയിരുത്തൽ.

2026 പ്രകൃതിക്ഷോഭങ്ങളുടെ വർഷമായിരിക്കുമെന്നും പ്രവചനമുണ്ട്. അതിശക്തമായ ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്‌ഫോടനങ്ങൾ, മഹാപ്രളയം എന്നിവ ഒരേസമയം ഉണ്ടായേക്കാം. ഭൂമിയുടെ ഏഴ് മുതൽ എട്ട് ശതമാനം വരെയുള്ള കരഭാഗങ്ങളിൽ ഈ ദുരന്തങ്ങൾ ബാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനം ഇതിന് തെളിവായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ലോകത്തിന്റെ അധികാരം മുഴുവൻ ഏഷ്യയിലേക്ക്, പ്രത്യേകിച്ച് ചൈനയിലേക്ക് മാറുന്ന വർഷമായിരിക്കും 2026. പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനം കുറഞ്ഞ് കിഴക്കൻ രാജ്യങ്ങൾ ലോകത്തെ നിയന്ത്രിക്കുകയും ചെയ്യും. ഇതിനൊപ്പം തന്നെ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ വലിയ തകർച്ചയുണ്ടാകുമെന്നും ബാങ്കിംഗ് മേഖലകൾ പ്രതിസന്ധിയിലാകുമെന്നും ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു. റഷ്യയിൽ നിന്ന് ലോകത്തെ മുഴുവൻ സ്വാധീനിക്കാൻ ശേഷിയുള്ള നേതാവ് 2026ൽ ഉയർന്നുവരുമെന്നതാണ് മറ്റൊരു കൗതുകകരമായ പ്രവചനം. ലോക നേതൃത്വങ്ങൾ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഈ നേതാവ് നിർണായക ശക്തിയാകുമെന്നാണ് സൂചന.