ബിന്ദുവിനെ സസ്പെൻഡ് ചെയ്ത് ബി.ജെ.പി
തിരുവനന്തപുരം: സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രനെതിരെ ആരോപണമുന്നയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്ത ആലപ്പുഴയിലെ വനിതാ നേതാവ് ബിന്ദു വിനയകുമാറിനെ അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ബി.ജെ.പി സംസ്ഥാന ഒാഫീസിൽ നിന്ന് അറിയിച്ചു. വോട്ടറെ സ്വാധീനിക്കാൻ പണം നൽകിയെന്ന് ശോഭാ സുരേന്ദ്രനെതിരെ എതിർസ്ഥാനാർത്ഥികൾ ആരോപണമുന്നയിച്ചിരുന്നു. ഇതേക്കുറിച്ച് ആവശ്യമില്ലാത്ത പരാമർശം നടത്തുകയും പൊലീസിൽ പരാതി നൽകി വാർത്തയാക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ശോഭാ സുരേന്ദ്രൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ഇവർ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും ബി.ജെ.പി നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ശോഭയ്ക്കെതിരെ ബിന്ദു കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പോസ്റ്റുമിട്ടിരുന്നു.