യുഡിഎഫ് വന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി കെസി വേണുഗോപാൽ? സാദ്ധ്യത തള്ളാതെ കെപിസിസി അദ്ധ്യക്ഷൻ

Sunday 12 April 2026 11:47 AM IST

കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാൽ കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യത തള്ളാതെ കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. എംഎൽഎമാരിൽ നിന്ന് പുറത്തുള്ളയാൾ മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ആലോചിച്ച് ഒരു തീരുമാനമെടുത്താൽ എല്ലാവരും അംഗീകരിക്കും. ഉപമുഖ്യമന്ത്രി പദവി യുഡിഎഫിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ. സുധാകരനെതിരെ കത്തെഴുതിയത് താനാണെന്ന് തെളിയിക്കാൻ വെല്ലുവിളിച്ചുകൊണ്ടും സണ്ണി ജോസഫ് രംഗത്തെത്തി. ഈ വ്യാജ കത്തുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താനാണ് കത്തെഴുതിയതെന്ന് തെളിയിക്കാൻ ആർക്കെങ്കിലും സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഡിജിപിക്ക് നൽകിയ പരാതിയിൽ ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിപക്ഷ നേതാവിനൊപ്പം ചേർന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വടകരയിലെ 'കാഫിർ സ്‌ക്രീൻഷോട്ട്' വിവാദത്തിന് സമാനമായ മറ്റൊരു വ്യാജ പ്രചാരണമാണിതെന്ന് കേരള ജനതയ്ക്ക് മുന്നിൽ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനെ തകർക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരമൊരു കത്ത് പ്രചരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഉപമുഖ്യമന്ത്രി പദവി ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞ കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. വയനാട്ടിലെ വീട് നിർമ്മാണത്തിന് തടസമായത് സ്ഥലം ലഭിക്കാൻ വൈകിയതാണ്. ഫണ്ട് വകമാറ്റമോ അഴിമതിയോ ഇക്കാര്യത്തിൽ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.