കല്യാണദിവസവും ജോലി,​ ജീവനക്കാരന് മെസേജ് അയച്ച ബോസ് കുടുങ്ങി; ഒടുവിൽ സംഭവിച്ചത്

Sunday 12 April 2026 12:05 PM IST

ഒഹായോ: കല്യാണദിവസം ജോലിയിൽ മുഴുകിയ ജീവനക്കാരന്റെ ആവേശം ലോകത്തെ അറിയിക്കാൻ ശ്രമിച്ച കമ്പനി ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. അമേരിക്കൻ ഇകൊമേഴ്സ് കമ്പനി ട്രിപ്പിൾ വെയ്ൽ സഹസ്ഥാപകൻ എജെ ഓർബാക്കിനാണ് സോഷ്യൽ മീഡിയിൽ നിന്നും കടുത്ത വിമർശനം നേരിടേണ്ടി വന്നത്. ജീവനക്കാരനെ കൊണ്ട് പണിയെടുപ്പിച്ചതിന് ഓർബാക്ക് പരസ്യമായി മാപ്പുപറയുകയും ചെയ്തു.

തന്റെ ഒരു ജീവനക്കാരന് ഓർബാക്ക് സ്ലാക്ക് വഴി ഒരു മെസേജ് അയച്ചു. 'എങ്ങനെയുണ്ട് കാര്യങ്ങൾ?' എന്നായിരുന്നു ചോദ്യം. ഉടൻ തന്നെ ജീവനക്കാരന്റെ മറുപടിയുമെത്തി. 'വിവാഹമൊക്കെ കഴിഞ്ഞു, ഞാൻ ഇപ്പോൾ ഓൺലൈനിലുണ്ട്'. വിവാഹദിവസം പോലും അവധി എടുക്കാതെ (അംഗീകരിച്ച അവധിയിലായിരുന്നിട്ടും) ജോലിയിൽ കാണിച്ച ആത്മാർത്ഥത ഓർബാക്കിനെ വല്ലാതെ ആകർഷിച്ചു. ഉടൻ തന്നെ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് അദ്ദേഹം എക്സിൽ പങ്കുവച്ചു. 'ആരും ആവശ്യപ്പെടാതെ തന്നെ വിവാഹദിവസം ലോഗിൻ ചെയ്ത ജീവനക്കാരന്റെ അർപ്പണബോധം പ്രത്യേകതയുള്ളതാണ്'- എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

അതേസമയം,​ ഇതാണോ ഒരു കമ്പനിയുടെ സംസ്‌കാരമെന്ന് ചോദിച്ചുകൊണ്ട് ബോസിന് കണക്കിന് കൊടുത്ത് സോഷ്യൽ മീഡിയ. പോസ്റ്റ് വൈറലായതോടെ സംഗതി കൈവിട്ടുപോയി. കല്യാണദിവസം പോലും സമാധാനമായി ഇരിക്കാൻ സമ്മതിക്കാത്ത ബോസിനെയും കമ്പനിയുടെ മോശം തൊഴിൽ സംസ്‌കാരത്തെയുമാണ് ആളുകൾ വിമർശിച്ചത്. ഏകദേശം 20 ലക്ഷത്തോളം ആളുകൾ പോസ്റ്റ് കാണുകയും 600ൽ അധികം രൂക്ഷമായ കമന്റുകൾ വരികയും ചെയ്തതോടെ ഓർബാക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. അങ്ങനെയാണ് മാപ്പ് 'പറഞ്ഞ് തടിയൂരിയത്.

രണ്ട് ദിവസത്തിന് ശേഷം വീണ്ടും ലോഗിൻ ചെയ്ത ഓർബാക്ക് കണ്ടത് ആളുകളുടെ രോഷമാണ്. ഇതോടെ അദ്ദേഹം മാപ്പപേക്ഷയുമായി രംഗത്തെത്തി. 'തെറ്റായ കാരണത്താലാണ് ഞാൻ വൈറലായത്. ആ ജീവനക്കാരന് ഞാൻ മെസേജ് അയക്കാൻ പാടില്ലായിരുന്നു. എന്റെ ആവേശം കാരണം സംഭവിച്ചു പോയതാണ്. കമ്പനിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ എനിക്ക് തെറ്റുപറ്റി'.- ഓ‌ർബാക്ക് പറഞ്ഞു. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവാകുമെന്നും മികച്ച തൊഴിൽ സാഹചര്യങ്ങൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.