ബാങ്കുകൾ ഒരിക്കലും അത് ചെയ്യില്ല, ഇന്ത്യക്കാരെ തേടിയെത്തിയത് 4168 കോടി വിളികൾ: ജാഗ്രത വേണം

Sunday 12 April 2026 3:31 PM IST

കൊച്ചി: ഡിജിറ്റൽ അറസ്റ്റിനും ലോൺ തട്ടിപ്പിനും ശ്രമിക്കുന്ന സ്പാം കോളുകൾക്കെതിരെ രാജ്യത്ത് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 31 ലക്ഷം പരാതികൾ. ടെലികോം സേവന ദാതാക്കൾ മരവിപ്പിച്ചത് 33,000 ഫോൺ നമ്പരുകൾ. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് കണക്ക് പുറത്തുവിട്ടത്.

2025ൽ ഇന്ത്യക്കാരുടെ ഫോണുകളിലെത്തിയ 4168 കോടി ദുരൂഹ വിളികൾ കോളർ ഐഡന്റിറ്റി ആപ്പായ 'ട്രൂ കോളർ" മാത്രം കണ്ടെത്തി. 1189 കോടി കോളുകൾ ഉപയോക്താക്കൾ തന്നെ ബ്ലോക്ക് ചെയ്തു. സ്പാം കോളുകളിൽ 770 കോടിയും സാമ്പത്തിക തട്ടിപ്പിനായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ, ബാങ്ക് ഉദ്യോഗസ്ഥർ, പേയ്മെന്റ് സേവന ദാതാക്കൾ എന്നൊക്കെ ആൾമാറാട്ടം നടത്തിയാണ് വിളിക്കാറ്. പണം തട്ടുന്ന നൂറുകണക്കിന് ലിങ്കുകളും 12,903 എസ്.എം.എസ് സന്ദേശങ്ങളും ഒരു വർഷത്തിനിടെ തട്ടിപ്പുകാർ ആയച്ചു.

പരാതികൾ ഓരോ വർഷവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ടെലികോം സേവനദാതാക്കൾക്ക് ട്രായ് മാർഗനിർദ്ദേശം നൽകി. സാമ്പത്തിക തട്ടിപ്പിനാണ് ശ്രമമെങ്കിൽ കെ.വൈ.സി പരിശോധിച്ച് ആധികാരികത ഉറപ്പാക്കണം. നേരിട്ടുള്ള വെരിഫിക്കേഷനും നടത്തണം. ദുരൂഹതയുണ്ടെങ്കിൽ മുന്നറിയിപ്പു നൽകി നമ്പർ മരവിപ്പിക്കണം.

₹54,000 കോടി തട്ടിപ്പ്

ഡിജിറ്റൽ അറസ്റ്റിൽ രാജ്യത്ത് മുതിർന്ന പൗരന്മാർക്കടക്കം ഇതുവരെ നഷ്ടമായത് 54,000 കോടി രൂപ

സ്പാം കോൾ പരാതികൾ

2023: 13.62 ലക്ഷം

2024: 19.38 ലക്ഷം

2025: 31.09 ലക്ഷം

കരുതൽ വേണം

 ബാങ്കുകൾ ഫോൺ കോളുകൾ വഴി ഒ.ടി.പി ചോദിക്കില്ല

 ഡിജിറ്റൽ അറസ്റ്റ് ഒരു അന്വേഷണ ഏജൻസിയും ചെയ്യില്ല

 വാട്സാപ്പിൽ വരുന്ന ലിങ്കും വീഡിയോ കോളും ചതിക്കുഴികളാകം

 ഫോണിൽ ട്രായ് ഡി.എൻ.ഡി(ഡു നോട്ട് ഡിസ്റ്റർബ്) ആപ്പ് ഇൻസ്റ്റാൾ ചെയ്യണം

 സ്പാമുകൾ വേർതിരിക്കുന്ന ഇൻബിൽറ്റ് സംവിധാനമുള്ള ഫോണാണ് ഉത്തമം

 140ലും 160ലും തുടങ്ങുന്ന നമ്പരുകളിൽ നിന്നുള്ള കോളുകൾ അംഗീകൃതം

തട്ടിപ്പിനിരയായാൽ

1 ഉടൻ ബാങ്കിനെ അറിയിക്കണം. നമ്പർ ദുരുപയോഗം തടയാൻ മൊബൈൽ ദാതാവിനെയും അറിയിക്കണം

2 cybercrime.gov.in ലും സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പരായ 1930ലും പരാതിപ്പെടാം

3 സഞ്ചാർ സാരഥി ആപ്പിലെ 'ചക്‌ഷു" പ്ലാറ്റ് ഫോമിലും റിപ്പോർട്ട് ചെയ്യാം

4 UPI പിൻ, ഇന്റർനെറ്റ് ബാങ്കിംഗ് പാസ്‌വേഡ്, ലിങ്ക് ചെയ്‌ത ഇമെയിൽ,​ ആപ്പ് പാസ്‌വേഡുകൾ എന്നിവ പുനഃസജ്ജീകരിക്കണം

പരിചിതമല്ലാത്ത കോളുകളിൽ യുക്തി പ്രയോഗിക്കുക. കോൾ സ്വീകരിച്ചാലും തട്ടിപ്പുകാരുടെ നിർദ്ദേശങ്ങൾ പിൻതുടരാതിരിക്കുക

- നന്ദകിഷോർ ഹരികുമാ‌ർ

(സൈബർ വിദഗ്ദ്ധൻ)