പുകവലിച്ച് കാറോടിച്ചു, സിഗരറ്റ്കുറ്റി റോഡിലേക്ക്; ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വീഡിയോയ്‌ക്ക് പിന്നാലെ രോഷം

Sunday 12 April 2026 4:23 PM IST

പഞ്ചാബ് കിങ്‌സിന്റെ സൂപ്പർതാരം യുസ്‌വേന്ദ്ര ചഹൽ വിവാദത്തിൽ. ചാഹൽ പുകവലിച്ചുകൊണ്ട് കാറോടിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് വിവാദങ്ങൾ ഉയരാൻ തുടങ്ങിയത്. പുക വലിച്ച ശേഷം സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. അതേസമയം വീഡിയോ എടുത്ത സ്ഥലമോ സമയമോ വ്യക്തമല്ല. വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ചഹൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുസ്ഥലത്ത് പൗരബോധമില്ലാതെ പെരുമാറിയതിന് ചഹലിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

മദ്യപാനം തന്റെ ജീവിതം നശിപ്പിച്ചെന്നും ആ ശീലം എന്നെന്നേക്കുമായി ഉപേക്ഷിച്ചെന്നും ഐപിഎല്ലിന് മുൻപ് ചഹൽ വെളിപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേ‌ഴ്‌സുമായുള്ള പോഡ്‌കാസ്‌റ്റിലായിരുന്നു ചഹൽ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുസംസാരിച്ചത്.

'ഞാൻ മദ്യപാനം നിർത്തിയിട്ട് ആറ് മാസത്തിലേറെയായി. എനിക്കിപ്പോൾ 35 വയസ്സായി. അതിനാൽ കൂടുതൽ സജീവമായിരിക്കാനും എന്റെ 150 ശതമാനവും എന്റെ ടീമിനായി നൽകാനും ഞാൻ ആഗ്രഹിക്കുന്നു. ഒരു സീനിയർ കളിക്കാരനെന്ന നിലയിൽ, ഐപിഎല്ലിലെ പുതിയ താരങ്ങൾക്ക് മാതൃകയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്'- ചഹൽ പറഞ്ഞു.

പോയ വർഷം ഐ‌പി‌എല്ലിൽ പഞ്ചാബ് കിംഗ്‌സ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ശ്രേയസ് അയ്യർ നയിച്ച പഞ്ചാബ് ടീമിന് ആറുറൺസിനാണ് ഐപിഎൽ കിരീടം നഷ്‌ടമായത്. മാർക്കോ യാൻസൺ ഉണ്ടായിരുന്നെങ്കിൽ തങ്ങൾ തീർച്ചയായും ചാമ്പ്യൻഷിപ് നേടുമായിരുന്നുവെന്നാണ് ചഹൽ എബിഡിയോട് പ്രതികരിച്ചത്.