നാഗ പ്രതിഷ്ഠയും കൃഷ്ണശില പ്രതിഷ്ഠയും
കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം ഭണ്ഡാര വീട് തറവാട് നാഗ പ്രതിഷ്ഠയും രക്തേശ്വരി അമ്മയുടെ കൃഷ്ണശില പ്രതിഷ്ഠയും നടത്തി. വാരിക്കാട് ശ്രീധരൻ തായർ കാർമികത്വം വഹിച്ചു. തുടർന്ന് കലശാഭിഷേകം, ആശ്ലേഷബലി (സർപ്പബലി), ഉച്ചപൂജ, നിത്യനിദാനം നിശ്ചയിക്കൽ, കുറ്റിപൂജ, വാസ്തുബലി, അത്താഴപൂജ എന്നീ ചടങ്ങുകളുമുണ്ടായി. ദേവ നർത്തകൻ കുമാരൻ കിഴക്കുംകര, പൊക്കൻ കൊടക്കാരൻ എന്നിവരെ ആദരിച്ചു. കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം മുഖ്യകർമ്മിയെ കെ. രാമകൃഷ്ണൻ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ദേവസ്ഥാനം പ്രസിഡന്റ് പി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. തറവാട് പ്രസിഡന്റ് കുമാരൻ കൊവ്വൽ, സെക്രട്ടറി കെ.വി ദിനേശൻ എന്നിവർ സംസാരിച്ചു. ആചാര സ്ഥാനികർ, ദേവസ്ഥാനം ഭാരവാഹികൾ, തറവാട്ട് അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അന്നദാനം, വിവിധ പ്രാർത്ഥനകൾ എന്നിവയുമുണ്ടായി.