നിതിൻ രാജിന്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം, അദ്ധ്യാപകർക്കെതിരെ കേസെടുത്തു
കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ കേസെടുത്തു. ആരോപണ വിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. എം. സംഗീത എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. എസ്.സി/ എസ്.ടി അതിക്രമ നിരോധന വകുപ്പ് പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരോപണ വിധേയരായ അദ്ധ്യാപകരെ നേരത്തെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു, അന്വേഷണവുമായി സഹകരിക്കുമെന്നും കോളേജ് മാനേജ്മെന്റ് അറിയിച്ചു.
അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് സിറ്റി അസി. പൊലീസ് കമ്മിഷണർ ആർ. ഹരിപ്രസാദ് മേൽനോട്ടം വഹിക്കും. ചക്കരക്കൽ പൊലീസ് ഇൻസ്പെക്ടർ കെ.എ ഫക്രുദ്ദീൻ ഉൾപ്പെട്ട ഏഴംഗ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുക. കോളേജിൽ അദ്ധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
ഇതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്തു വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂമും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അദ്ധ്യാപകർ കൈയും കാലുംവെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്.