ആര്‍സിബിയുടെ വക അടിയോടടി ! മുംബയ്ക്ക് താണ്ടാന്‍ റണ്‍ മല 

Sunday 12 April 2026 9:35 PM IST

മുംബയ്: ഐപിഎല്ലിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുംബയ്‌ക്കെതിരെ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു അടിച്ച് കൂട്ടിയത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ്. അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളുമായി കളം നിറഞ്ഞ് കളിച്ച ഓപ്പണര്‍മാരായ വിരാട് കൊഹ്ലി, ഫിലിപ് സാള്‍ട്ട്, മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ എന്നിവരാണ് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്.

ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് 78(36) - വിരാട് കൊഹ്ലി 50(38) സഖ്യം 65 പന്തുകളില്‍ നിന്ന് 120 റണ്‍സാണ് അടിച്ചത്. ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ സാള്‍ട്ട് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ആറ് വീതം ബൗണ്ടറിയും സിക്‌സറും നേടിയാണ് സാള്‍ട്ട് മടങ്ങിയത്. പിന്നാലെ വന്ന ക്യാപ്റ്റന്‍ പാട്ടിദാര്‍ ആദ്യ പന്ത് മുതല്‍ നയം വ്യക്തമാക്കി. 20 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സറുകള്‍ അടക്കം 9 ബൗണ്ടറികളാണ് നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ഇതിനിടെ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം വിരാട് കൊഹ്ലി അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു. ജിതേഷ് ശര്‍മ്മ 10(9) റണ്‍സ് നേടി പുറത്തായി. ടിം ഡേവിഡ് 34*(16), റൊമാരിയോ ഷെപ്പേര്‍ഡ് 2*(2) എന്നിവര്‍ പുറത്താകാതെ നിന്നു. 15 സിക്‌സറുകളും 18 ബൗണ്ടറികളുമാണ് ആര്‍സിബി ഇന്നിംഗ്‌സില്‍ പിറന്നത്. മുംബയ് ഇന്ത്യന്‍സിനായി ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്‌നര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.