ജുമാൻജി, മാജിക്ക് റിംഗ്, സ്കൈ ഷോട്ട് ...പടക്ക വിപണി സജീവം

Sunday 12 April 2026 11:30 PM IST

മലപ്പുറം: വിഷുവിന് രണ്ട് ദിവസം മാത്രം ശേഷിക്കേ, ജില്ലയിൽ പടക്ക വിപണി സജീവം. ആകാശത്ത് ഉയരത്തിൽ പോയി പൊട്ടുന്ന സ്‌കൈ ഷോട്ടുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. 12 എണ്ണം വരുന്ന ഒരു ബോക്സ് സ്‌കൈ ഷോട്ടിന് 200 രൂപയാണ് വില. 50 മീറ്റർ ഉയരത്തിലെത്തി വർണ്ണ വിസ്മയം തീർക്കുന്ന മൾട്ടി ഷോട്ടിനും ആവശ്യക്കാരേറെയാണ്. ആകാശത്ത് വി ആകൃതിയിൽ വിവിധ നിറങ്ങളിൽ 100 തവണ വിസ്മയമൊരുക്കുന്ന ജുമാൻജി മൾട്ടി ഷോട്ടിന് 4,000 രൂപ വരും. 120 മീറ്റർ ഉയരത്തിൽ റോക്കറ്റ് പോലെ ആകാശത്ത് കുതിച്ചുയർന്ന് വർണങ്ങൾ വാരി വിതറുന്ന മാജിക്ക് റിങിന് ഒന്നിന് 650 രൂപ നൽകണം. മൂന്ന് രൂപയാണ് ഓലപ്പടക്കത്തിന്റെ വില. മാലപ്പടക്കത്തിന് 20. കൈയിലിരുന്ന് പൊട്ടുന്ന ഹാന്റ് ഷോട്ട് പടക്കങ്ങളുമുണ്ട്. തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നാണ് പടക്കങ്ങൾ പ്രധാനമായും എത്തുന്നത്. പൂത്തിരി, കമ്പിത്തിരി, മത്താപ്പൂ, നിലച്ചത്രം, സ്‌കൈ ഷോട്ട്, ഹാന്റ് ഷോട്ട് തുടങ്ങിയവയെല്ലാം വിപണിയിൽ എത്തിയിട്ടുണ്ട്. താമരയുടെ ആകൃതിയിൽ കറങ്ങുന്ന നിലച്ചക്രത്തിനാണ് ഡിമാൻഡ് കൂടുതൽ. ദിൽസേ, രംഗ് ഭാരത്, മനോരഞ്ജൻ, പീക്കോക്ക് തുടങ്ങി വിവിധ തരം മത്താപ്പൂക്കൾക്കും ആവശ്യക്കാരുണ്ട്. 10 എണ്ണം വരുന്ന പൂത്തിരിയുടെ ഒരു ബോക്സിന് 70 രൂപയാണ് വില. ആറ് രൂപ മുതൽ 200 രൂപ വരെയുള്ള വിവിധതരം പൂക്കുറ്റികളുമുണ്ട്. 10 എണ്ണം വരുന്ന കളർകോട്ടിയ്ക്ക് 140 രൂപയും പിരി പിരിയ്ക്ക് 30 രൂപയുമാണ് വില. വിപണി കളറാക്കാൻ 50 മുതൽ 80 രൂപ വരെ വില വരുന്ന നാടൻ സ്റ്റിക്ക് ലൈറ്റുകളുമുണ്ട്.

ആവശ്യത്തിനില്ലാതെ ഓലപ്പടക്കം

നിറത്തിലും വലിപ്പത്തിലും ആകർഷകമായ പലതരം പടക്കങ്ങൾ വിപണി കീഴടക്കിയിട്ടുണ്ടെങ്കിലും ഓലപ്പടക്കത്തിന്റെ ഡിമാൻഡിന് കുറവൊന്നുമില്ല. വിഷു എന്നാൽ ഭൂരിഭാഗം മലയാളികളുടെയും മനസ്സിൽ ആദ്യമെത്തുന്നത് ഓലപ്പടക്കങ്ങളാണ്. എന്നാൽ, ഇത്തവണ ആവശ്യത്തിന് ഓലപ്പടക്കം കിട്ടുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. കൈ കൊണ്ട് നിർമ്മിച്ചെടുക്കുന്നവ ആയതിനാൽ തന്നെ അവയുടെ നിർമ്മാണത്തിൽ കുറവ് വന്നതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

ഓലപ്പടക്കത്തിന്റെ ലഭ്യതയിൽ കുറവ് വന്നിട്ടുണ്ട്. പല വിധത്തിലും നിറത്തിലുമുള്ള പടക്കങ്ങളും പൂത്തിരികളും മത്താപ്പൂവും നിലച്ചക്രവുമെല്ലാം എതത്തിയിട്ടുണ്ട്. നിരവധി പേർ കടയിൽ എത്തുന്നുണ്ട്. ഷിഹാബ്, എ.എച്ച്.ക്രാക്കേഴ്സ്, വലിയങ്ങാടി