കുടിവെള്ള സ്രോതസ്സിനായി കിണർ നിർമ്മാണം തകൃതി
തിരൂർ: വേനൽക്കാലമായതോടെ കിണർ പണിയും ഊർജ്ജിതമാവുകയാണ്. മഴക്കാലമെത്തും മുൻപ് കിണറുകളുടെ പണി തീർക്കാനുള്ള തിരക്കാണിപ്പോൾ. കിണർ പണിക്കാർക്കും വലിയ ഡിമാൻഡാണ്.
പുതിയ വീടുകൾ കൂടുതലായും നിർമ്മിക്കുന്നത് വേനൽക്കാലങ്ങളിലാണ്. അതോടൊപ്പം കിണർ പണിയും നടക്കും. മിക്കയിടങ്ങളിലും കിണറുകളുടെ അവസാനഘട്ടപണികളാണ് നടക്കുന്നത്.
മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി കനത്ത മഴയും അപ്രതീക്ഷിതമായ മണ്ണിടിച്ചിലും പതിവായതോടെ പലരും കിണറുകൾ കല്ല് പാകി സുരക്ഷിതമാക്കാൻ ശ്രമിക്കുന്നുണ്ട്. മഴക്കാലത്ത് മണ്ണിടിഞ്ഞ് കിണർ മൂടിപ്പോകുന്നതും വെള്ളം കലങ്ങുന്നതും ഒഴിവാക്കാൻ പാടങ്ങളിലുള്ള കിണറുകൾ പടുത്തുയർത്തുന്നുമുണ്ട്. അടിഭാഗത്ത് അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്ത് ചെങ്കല്ലും സിമന്റും ഉപയോഗിച്ച് കിണറിന്റെ ഉൾഭാഗം ബലപ്പെടുത്തുന്ന ജോലികളും തകൃതിയായി നടക്കുന്നുണ്ട്. മിക്ക പ്രദേശങ്ങളിലും കോൺഗ്രീറ്റ് റിംഗുകളാണ് ഉപയോഗിക്കുന്നത്.
ഭൂമിയുടെ ഘടനയ്ക്ക് അനുസരിച്ചാണ് കിണർ നിർമ്മാണത്തിന് ചെലവ് വരിക. റിംഗ് അടക്കം ചുരുങ്ങിയത് 18,000 മുതൽ 22,000 വരെ ചെലവാകും.
മണ്ണിടിച്ചിൽ സാദ്ധ്യതകളും മറ്റും കണക്കിലെടുത്ത് ഭിത്തി കുറച്ച് കൂടി ശക്തമായി നിർമ്മിക്കാൻ ആളുകൾ ശ്രദ്ധവയ്ക്കുന്നുണ്ട്.
കുഴൽക്കിണറുകളോടുള്ള ഭ്രമം അടുത്തകാലത്ത് കുറഞ്ഞിട്ടുണ്ട്.
കുഴൽക്കിണർ കുഴിച്ചാൽ എല്ലായിടത്ത് നിന്നും നിശ്ചിത താഴ്ചയിൽ നിന്നും ശുദ്ധമായ വെള്ളം ലഭിക്കില്ലെന്നതും നിയമങ്ങൾ ശക്തമാക്കിയതും കാരണമാണ്.