റണ്‍മലയ്ക്ക് മുന്നില്‍ കിതച്ച് വീണു; മുംബയ് ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി

Sunday 12 April 2026 11:54 PM IST

മുംബയ്: ഐപിഎല്‍ സീസണില്‍ മുംബയ് ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 18 റണ്‍സിനായിരുന്നു തോല്‍വി. 241 റണ്‍സ് പിന്തുടര്‍ന്ന മുംബയുടെ മറുപടി 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 222 എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. സീസണില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബയ്ക്ക് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മാത്രമാണ് വിജയിക്കാനായത്. മികച്ച സ്‌കോര്‍ കണ്ടെത്തിയതിന് ശേഷം മികച്ച ബൗളിംഗ് ഫീല്‍ഡിംഗ് പ്രകടനവും പുറത്തെടുത്താണ് ആര്‍സിബി മുംബയെ വരിഞ്ഞ് മുറുക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് ആര്‍സിബിയുടെ മൂന്നാമത്തെ ജയമാണിത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന് മുംബയ് ഇന്ത്യന്‍സിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചതെങ്കിലും മുന്‍ നായകന്‍ രോഹിത് ശര്‍മ്മ 19*(13) പരിക്കേറ്റ് പിന്‍മാറിയത് തിരിച്ചടിയായി. റയാന്‍ റിക്കിള്‍ടണ്‍ 37(22), സൂര്യകുമാര്‍ യാദവ് 33(22) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞില്ല. തിലക് വര്‍മ്മ വെറും ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 22 പന്തുകളില്‍ നിന്ന് 40 റണ്‍സ് നേടിയെങ്കിലും നിര്‍ണായക സമയത്ത് പുറത്താകുകയായിരുന്നു.

ഹാര്‍ദികിന് പകരമെത്തിയ നമന്‍ ധീറിനും തിളങ്ങാനായില്ല. വെറും ഒരു റണ്‍ മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇംപാക്ട് സബ് ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് ഒരു വശത്ത് നിലയുറപ്പിച്ചുവെങ്കിലും മുംബയെ ജയത്തിലേക്ക് നയക്കാന്‍ അത് മതിയാകുമായിരുന്നില്ല. അര്‍ദ്ധ സെഞ്ച്വറി നേടിയ താരം 31 പന്തുകളില്‍ 71 റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു അടിച്ച് കൂട്ടിയത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ്. അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളുമായി കളം നിറഞ്ഞ് കളിച്ച ഓപ്പണര്‍മാരായ വിരാട് കൊഹ്ലി, ഫിലിപ് സാള്‍ട്ട്, മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ എന്നിവരാണ് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്.

ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് 78(36) വിരാട് കൊഹ്ലി 50(38) സഖ്യം 65 പന്തുകളില്‍ നിന്ന് 120 റണ്‍സാണ് അടിച്ചത്. ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ സാള്‍ട്ട് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ആറ് വീതം ബൗണ്ടറിയും സിക്സറും നേടിയാണ് സാള്‍ട്ട് മടങ്ങിയത്. പിന്നാലെ വന്ന ക്യാപ്റ്റന്‍ പാട്ടിദാര്‍ ആദ്യ പന്ത് മുതല്‍ നയം വ്യക്തമാക്കി. 20 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറുകള്‍ അടക്കം 9 ബൗണ്ടറികളാണ് നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ഇതിനിടെ അഞ്ച് ബൗണ്ടറികളും ഒരു സിക്സറും സഹിതം വിരാട് കൊഹ്ലി അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു. ജിതേഷ് ശര്‍മ്മ 10(9) റണ്‍സ് നേടി പുറത്തായി. ടിം ഡേവിഡ് 34*(16), റൊമാരിയോ ഷെപ്പേര്‍ഡ് 2*(2) എന്നിവര്‍ പുറത്താകാതെ നിന്നു. മുംബയ് ഇന്ത്യന്‍സിനായി ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്നര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.