'പോയി ചത്തോളൂ' എന്നും ആക്രോശിച്ചു

Monday 13 April 2026 3:12 AM IST

കണ്ണൂർ: നിതിൻ രാജിനെ ജാതിയുടെയും നിറത്തിന്റെയും പേരിൽ അധിക്ഷേപിച്ചിരുന്ന കോളേജിലെ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ. റാം 'പോയി ചത്തോളൂ' എന്ന് ആക്രോശിച്ചിരുന്നതായും കുടുംബം പൊലീസിന് മൊഴി നൽകി. 'പുഴുത്ത പട്ടി' എന്നും വിളിച്ചിരുന്നു. ഈ ദുരനുഭവങ്ങൾ നിതിൻ സുഹൃത്തിന് ഓഡിയോ സന്ദേശമായി അയച്ചിരുന്നു. ആ സന്ദേശം ഇപ്പോൾ പ്രചരിക്കുകയാണ്.

ഡോ. എം.കെ. റാം, കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം കൂടി ചുമത്തണമെന്നാവശ്യപ്പെടുന്ന ബന്ധുക്കളുടെ പരാതി ലഭിച്ചതായി ചക്കരക്കൽ സി.ഐ. ഫക്രുദ്ദീൻ അറിയിച്ചു.

ആരോപണവിധേയരായ അദ്ധ്യാപകരെ വിളിച്ചുവരുത്തി ഇന്നു ചോദ്യം ചെയ്യും. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തൽ ആരംഭിച്ചു. നിതിന്റെ മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവജന കമ്മിഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. സീനിയർ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് നിതിനുനേരെ റാഗിംഗ് ഉണ്ടായതായും ആരോപണം ഉയർന്നിട്ടുണ്ട്.