ഖേലോ ഇന്ത്യ വിമെൻസ് ലീഗ് സൈക്ലിംഗ്: കേരളം ചാംപ്യന്മാർ

Monday 13 April 2026 12:21 AM IST

തിരുവനന്തപുരം : അസ്മിത (Achieving Sports Milestone by Inspiring Women through Action) ഖേലോ ഇന്ത്യ വിമെൻസ് ലീഗ് സൗത്ത് സോൺ ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ കേരളം ജേതാക്കളായി. രണ്ട് ദിവസമായി കാര്യവട്ടം എൽ.എൻ.സി.പി.ഇ വെലോഡ്രാമിൽ നടന്ന മത്സരങ്ങളിൽ 11 സ്വർണ്ണവും 14 വെള്ളിയും 10 വെങ്കലവുമടക്കം 35 മെഡലുകൾ നേടിയാണ് കേരളം ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. റണ്ണറപ്പായ തമിഴ്‌നാട് ഏഴ് സ്വർണ്ണവും ഒരു വെള്ളിയും ആറ് വെങ്കവുമടക്കം 14 മെഡലുകൾ നേടി. രണ്ട് സ്വർണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമടക്കം ഏഴ് മെഡലുകൾ നേടിയ കർണാടകം മൂന്നാം സ്ഥാനവും ഒരു സ്വർണ്ണവും നാല് വെള്ളിയുമടക്കം അഞ്ച് മെഡലുകൾ നേടിയ തെലങ്കാന നാലാം സ്ഥാനവും നേടി.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഖേലോ ഇന്ത്യ വിഭാഗവും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും കേരള സൈക്ലിംഗ് അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. അണ്ടർ 16, അണ്ടർ 18, വിമെൻ എലൈറ്റ് വിഭാഗങ്ങളിലായി സ്പ്രിന്റ്, മാസ് സ്റ്റാർട്ട്, സ്ക്രാച്ച് റേസ്, ടൈം ട്രയൽല്‍, വ്യക്തിഗത പർസ്യൂട്ട്, കെറിൻ റേസ് എന്നീ ഇനങ്ങളിലാണ് റൈഡർമാർ മത്സരിച്ചത്. ഇന്ത്യൻ നിർമ്മിത സൈക്കിളുകൾ ഉപയോഗിക്കുന്നവർക്കായി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. മത്സരങ്ങളിൽ വിജയിച്ചവർ ഈ മാസം അവസാനം ഉത്തരാഖണ്ഡിൽ നടക്കുന്ന അസ്മിത ഖേലോ ഇന്ത്യ സൈക്ലിംഗ് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി.