പരിക്കേറ്റ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: യുവ വ്യാപാരിക്കെതിരെ നടപടിക്ക് മടിച്ച് പൊലീസ്

Monday 13 April 2026 2:26 AM IST

കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവ വ്യാപാരി നേതാവിനെതിരെ നടപടിയെടുക്കാതെ പൊലീസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് 25 കാരിയുടെ പരാതി. കഴിഞ്ഞ നാലിന് രാത്രി 10നായിരുന്നു സംഭവം.

ദേശീയപാതയിൽ കെ.പി.എ.സി ജംഗ്ഷനിൽ വച്ചാണ് യുവതിയും സുഹൃത്തും സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. തുടർന്ന് യുവതി റോഡിലേക്ക് തെറിച്ചു വീണു. ഇവരെ ആശുപത്രിയിലെത്തിക്കാൻ വാഹനത്തിൽ കയറ്റുന്നതിനിടെ സിനിൽ സബാദ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആരോപണം. യുവതിയുടെ പരാതിയിൽ കായംകുളം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞും വൈദ്യപരിശോധനയ്‌ക്കോ രഹസ്യ മൊഴിയെടുക്കാനോ തയ്യാറായിട്ടില്ലെന്നാണ് യുവതിയുടെ ആരോപണം. വ്യാപാരി നേതാവിന്റെ സ്വാധീനത്തിൽ കേസ് അട്ടിമറിക്കുകയാണെന്നും ആരോപണമുണ്ട്. പരാതി തീർപ്പാക്കാൻ വഴങ്ങാത്തതിന് ഭീഷണിയുണ്ടെന്നും യുവതി വെളിപ്പെടുത്തി.

അതിക്രമ വിവരം കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആശുപത്രി രേഖകളിൽ എഴുതിയിരുന്നു. തുടർന്ന് അടുത്ത ദിവസം ഗൈനക്കോളജി ഡോക്ടറുടെ പരിശോധനയ്ക്കും നിർദ്ദേശിച്ചിരുന്നു. ഇതിനിടെ ആശുപത്രിയിലെത്തിയ പൊലീസ് കാണിച്ച ചിത്രത്തിൽ നിന്നാണ് പ്രതിയെ യുവതി തിരിച്ചറിഞ്ഞത്.

അതേസമയം യുവതിയുടെ മൊഴിയിൽ കേസെടുത്തെന്ന് പൊലീസ് പറഞ്ഞു. ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ പ്രതിക്ക് നോട്ടീസ് നൽകി. രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകി. കോടതിയിൽ നിന്ന് തീയതി നിശ്ചയിച്ചുള്ള ഉത്തരവും ഇരയ്ക്കുള്ള സമൻസും ലഭിച്ചാലുടൻ മൊഴിയെടുക്കുമെന്നും പൊലീസ് വിശദീകരിക്കുന്നു.

 ഡിവൈ.എസ്.പി അന്വേഷിക്കും

വീഴ്ച സംബന്ധിച്ച യുവതിയുടെ വെളിപ്പെടുത്തലിൽ,​ അന്വേഷണം കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന് കൈമാറിയെന്ന് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ അറിയിച്ചു. രഹസ്യമൊഴി ഉൾപ്പെടെയുളള നടപടികൾ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാകും നടക്കുക. യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അത് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു.